അല്‍ മൊയ്തു മോഡല്‍ മാധ്യമപ്രവര്‍ത്തനം : ഏഴാം ക്ലാസ് പോലും പാസാകാത്ത തല്ലുകേസിലെ പ്രതിയെ മാധ്യമങ്ങള്‍ ഇന്ത്യന്‍ മുജാഹിദീന്റെ ‘ഡോക്ടറാ’ക്കി

single-img
3 April 2014

തീവ്രവാദത്തിന്റെ പേരില്‍ അപസര്‍പ്പകകഥകള്‍ മെനഞ്ഞു എക്സ്ക്ലൂസിവ് സൃഷ്ടിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഉത്സാഹം കൂടുതലാണ്.അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നലെ തല്ലുകേസിലെ പ്രതിയെ   ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനാക്കി വാര്‍ത്ത സൃഷ്ടിച്ചു.ഏഴാം ക്ലാസ്സ് പോലും പാസ്സാകാത്ത തല്ലുകേസിലെ പ്രതിയായ വിനുവര്‍ഗീസിനെ(33) ഡോക്ടറും മെഡിക്കല്‍ പി ജി പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയും ഒക്കെ ആക്കിയായിരുന്നു കഥകള്‍.മനോരമയും കേരളകൌമുദിയും അടക്കമുള്ള പത്രങ്ങളും മറുനാടന്‍ മലയാളി അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ കഥ എരിവും പുളിയും ആവശ്യാനുസരണം ചേര്‍ത്ത് വിളമ്പി.

കൊച്ചി കുമ്പളങ്ങി കണ്ടക്കടവ് കണ്ടപ്പശേരി വീട്ടില്‍ പരേതനായ വര്‍ഗീസിന്‍െറ മകന്‍ വിനു വര്‍ഗീസ് എന്ന ഏഴാം ക്ളാസുകാരന്‍ ഡ്രൈവറെ, ഇന്ത്യന്‍ മുജാഹിദ്ദീന്‍െറ ബോംബ് നിര്‍മാണ വിദഗ്ധനായ പാക് ഭീകരന്‍ വഖാസ് അഹമ്മദിന്‍െറ സഹായിയായ ഡോക്ടറായും, ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ കണ്ണമാലി പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ‘എന്‍ ഐ എ’  ഉദ്യോഗസ്ഥരായും ചിത്രീകരിച്ചാണ് ഈ വ്യാജവാര്‍ത്ത സൃഷ്ടിക്കപ്പെട്ടത്.

വസ്തുതര്‍ക്കത്തിന്‍െറ പേരില്‍ 2004ല്‍ അമ്മാമന്‍ ആന്‍റണിയെ സംഘംചേര്‍ന്ന് ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി വിനു വര്‍ഗീസിനെ (33) തിങ്കളാഴ്ച രാത്രിയാണ് കണ്ണമാലി പൊലീസ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് പരിസരത്തെ ഇമ്മട്ടീസ് വന്ദന ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തത്. മുളങ്കുന്നത്തുകാവില്‍ ഡോ. ജംഷിയയുടെ വീട്ടില്‍ ആയയായി ജോലി ചെയ്യുന്ന അമ്മ മേരി വര്‍ഗീസിനെ കാണാന്‍ വിനു ഇടക്ക് എത്താറുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് കണ്ണമാലി പൊലീസ് ഇവിടെ എത്തിയത്.മെഡിക്കൽ കോളെജിലെ ഒരു ഡോക്ടറുടെ വിട്ടിൽ ജോലിച്ചെയ്യുന്ന ഉമ്മയും യുവാവും വർഷങ്ങൾക്ക് മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. മുസ്‌ലീമായി എന്ന ഒറ്റ കാരണത്താലാണ് മാധ്യമങ്ങൾ ഇത്രവലിയ ഭീകര കഥ മെനഞ്ഞത്.

മേരി വര്‍ഗീസ് വര്‍ഷങ്ങളോളം മുംബൈയില്‍ വീട്ടുജോലി ചെയ്തിരുന്നു. മകന്‍ വിനു വര്‍ഗീസ് ഏഴാം ക്ളാസില്‍ പഠനം അവസാനിപ്പിച്ച് പല പണികളും ചെയ്ത് ജീവിക്കുകയായിരുന്നു. കുറച്ചുകാലം കൊച്ചിയില്‍ ബസ് ഡ്രൈവറായി. ഇടക്കാലത്ത് മേരി വര്‍ഗീസ് ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമയായി. വിനു വര്‍ഗീസ് അഫ്സല്‍ വിനുവുമായി. ഫാത്തിമ ഗള്‍ഫില്‍ ആയയുടെ ജോലിക്ക് പോയി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വിനുവും ഗള്‍ഫിലത്തെി. തിരിച്ച് നാട്ടിലത്തെിയ ഫാത്തിമ തൃശൂര്‍ മെഡിക്കല്‍ കോളജിനടുത്ത ഡോ. ജംഷിയയുടെ വീട്ടില്‍ ആയയാണ്.

അതിനകം വിനുവിനെ 2004ലെ തല്ലുകേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പല ജോലി ചെയ്താണ് ഇയാള്‍ കഴിയുന്നത്. ഇടക്ക് അമ്മയെ കാണാന്‍ മുളങ്കുന്നത്തുകാവില്‍ വരും. വരുമ്പോള്‍ അമ്മ ജോലി ചെയ്യുന്ന വീടിനടുത്ത വന്ദന ലോഡ്ജിലാണ് താമസം. പഴയ കേസുകളിലെ പ്രതികളെ അന്വേഷിച്ചു നടന്ന പൊലീസ് അമ്മ ജോലി ചെയ്യുന്ന ഇടം കണ്ടത്തെിയാണ് വിനു താമസിക്കുന്ന ലോഡ്ജ് തിരിച്ചറിഞ്ഞത്.

ഈയിടെ പുറത്തിറങ്ങിയ അല്‍ മൊയ്തു എന്ന ഹ്രസ്വചിത്രത്തില്‍ തീവ്രവാദകഥകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങളുടെ പ്രവണതയെ “കള്ള്ജിഹാദ്” എന്ന പേരില്‍ സ്പൂഫ് ചെയ്തു നന്നെ പരിഹസിച്ചിരുന്നു.ഈ സ്പൂഫിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോഴും നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.