ബീഹാറില്‍ വെടിയേറ്റു മരിച്ച സി പി എം -എം എല്‍ എ അജിത് സര്‍ക്കാര്‍ മാതൃകാ നേതാവെന്നു സത്യമേവ ജയതേയില്‍ അമിര്‍ഖാന്‍

single-img
3 April 2014

ബീഹാറില്‍ വെടിയേറ്റു മരിച്ച സി പി എം നേതാവും  എം എല്‍ എയുമായ അജിത് സർക്കാരിന്റെ പ്രവർത്തനങ്ങളാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമെന്ന് നടൻ അമീർ ഖാൻ .സ്റ്റാര്‍പ്ലസ്‌ ചാനലിലെ തന്റെ റിയാലിറ്റി ഷോയായ “സത്യമേവ ജയതെ”യുടെ സീസണ്‍ 2വിന്റെ അവസാനത്തെ എപ്പിസോഡിലാണ് ആമിര്‍ഖാന്‍ അജിത്‌ സര്‍ക്കാരിനെ ഓര്‍മ്മിച്ചത്.

15 വർഷം ബീഹാറിലെ പുർണിയ അജിത്‌ സർക്കാരിന്റെ രക്തസാക്ഷി ദിനത്തിൽ സ്മൃതിമണ്ഡപത്തിൽ നാട്ടുക്കാർ പുഷ്പാർച്ചന നടത്തുന്ന രംഗത്തോടെയാണ് പരിപാടി തുടങ്ങിയത്. തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള എപ്പിസോഡില്‍ അജിത് സർക്കാരിന്റെ ജീവിതവും, രാഷ്ട്രീയ പ്രവർത്തനവും കൊലപാതകവുമെല്ലാം അദ്ദേഹത്തിന്റെ മകൻ അമിത് സർക്കാർ വിവരിച്ചു. എഞ്ചിനീയറും എം ബി എ ബിരുദധാരിയുമായ അമിത് സർക്കാർ ഓസ്ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് ഇപ്പോൾ പാർട്ടി പ്രവർത്തനം നടത്തുകയാണ്.

അജിത് സർക്കാരിന്റെ നേതൃത്വത്തിൽ ജന്മിമാരുടെ കയ്യിൽ നിന്നും ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്തതും തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പ്രചരണത്തിനിറങ്ങാതെ തന്നെ വിജയം നേടുന്നതും അടക്കം ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന് അപരിചിതമായ കാര്യങ്ങളാണ് അമിത് വിവരിച്ചത്.ഏത് പാതിരാത്രിയിലും ഗ്രാമീണരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഓടിയെത്തുന്ന അജിത് സർക്കാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അവസരത്തിൽ മണ്ഡലത്തിലെ മുക്കിലും മൂലയിലും ചെറിയ മണ്‍കുടങ്ങൾ വച്ച് ഒരു രൂപ നാണയം മാത്രം സ്വീകരിച്ചാണ് തെരഞ്ഞെടുപ്പിനാവശ്യമായ പണം കണ്ടെത്തിയിരുന്നത് എന്ന് അമിത് പറയുന്നു. ഇതു വഴി എത്ര വോട്ട് ഏകദേശം തനിക്ക് കിട്ടുമെന്ന് അജിത് സർക്കാരിന് മുൻകൂട്ടി അറിയാമായിരുന്നുവെന്നും ഒരു രൂപയിൽ കൂടുതലുള്ള പണം അദ്ദേഹം സ്വീകരിച്ചിരുന്നില്ലെന്നും മകൻ വ്യക്തമാക്കി.

1998 ജൂണ് 14 ന് അജിത് സർക്കാർ വെടിയേറ്റ് മരിക്കുമ്പോൾ 107 വെടിയുണ്ടകളാണ് ശരീരത്തിൽ നിന്ന് കണ്ടെടുത്തതെന്ന് അമിത് പറഞ്ഞപ്പോള്‍ ആമിര്‍ഖാന്‍റെയടക്കം കണ്ണുകള്‍ നിറഞ്ഞു.തുടർന്ന് അജിത് സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അമീർ ഖാൻ ഇതുപോലുള്ള രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തിന് ആവശ്യമെന്ന് അഭിപ്രായപ്പെട്ടു. അജിത് സർക്കാരിനെ നമ്മുടെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അമീർ ഖാൻ പറഞ്ഞു.

സി.പി.ഐ (എം) എം.എൽ.എ. അജിത് സർക്കാരിനെ  വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആര്‍ ജെ ഡി നേതാവായ പപ്പു യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.2008-ല്‍ പ്രത്യേക സിബിഐ കോടതി പപ്പു യാദവിനെ ജീവപര്യന്തം തടവിനു വിധിച്ചെങ്കിലും 2013 നവംബറില്‍ പട്ന ഹൈക്കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടു.തെളിവില്ല എന്ന കാരണം പറഞ്ഞായിരുന്നു കോടതിയുടെ ഈ നടപടി.