വിമാനത്താവളത്തിന് ധൃതിപിടിച്ച നേതാക്കളുടെ സാമ്പത്തികനില അന്വേഷിക്കണം – ഗോപാലകൃഷ്ണവൈദിക്‌

single-img
31 March 2014

Airport_jpg_174109fആറന്മുള: വിമാനത്താവളപദ്ധതി നടപ്പാക്കാന്‍ ധൃതിപിടിച്ച മൂന്നുനേതാക്കളുടെ സാമ്പത്തികസ്രോതസ്സ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്‌കൃതപണ്ഡിതന്‍ ഗോപാലകൃഷ്ണവൈദിക്. ആറന്മുള വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ 47-ാംദിവസം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആറന്മുളയുടെ പൈതൃകത്തിനും പവിത്രതയ്ക്കും പോറല്‍ ഉണ്ടാവില്ലെന്നുപറഞ്ഞ് കബളിപ്പിച്ചവരെ തിരിച്ചറിഞ്ഞ് പ്രതികരിക്കണം. മഹത്തായ സംസ്‌കാരത്തെ അവഹേളിക്കാനുള്ള അവസരമായി ചിലര്‍ വിമാനത്താവളവിഷയം ഉപയോഗിക്കുന്നു.
റെയില്‍വേ വികസനത്തെ അവഗണിച്ചാണ് ബന്ധപ്പെട്ടവര്‍ വിമാനമിറക്കാന്‍ ശ്രമിക്കുന്നത്. വികസനം സ്വകാര്യമേഖലയുടെ കുത്തകയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കണം. ആറന്മുള ക്ഷേത്രത്തെയും ആചാരത്തെയും ബാധിക്കാതെ വിമാനത്താവളം അസാധ്യമാണ്. ഇതിന്റെ വസ്തുതകളും തെളിവുകളും കോടതിക്കുമുന്നിലെത്തിയിട്ടും ജനപ്രതിനിധികള്‍ കള്ളംപറഞ്ഞ് ജനത്തെ പറ്റിക്കുകയാണെന്നും ഗോപാലകൃഷ്ണവൈദിക് പറഞ്ഞു.

കോളേജ് അധ്യാപകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.പി.അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. റോയി ജോര്‍ജ്, കെ.ഗോപിനാഥന്‍, എ.പത്മകുമാര്‍, പി.കെ.ഭാസ്‌കരന്‍, എസ്.ഹരികൃഷ്ണന്‍, പ്രീതി അനില്‍കുമാര്‍, സുചിത്ര വി. കൃഷ്ണന്‍, സാവിത്രി ബാലന്‍, വി.കെ.സതീശന്‍, പി.ആര്‍.ഷാജി എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരവേലി കെ.പി.എം.എസ്. യൂണിറ്റ്, തരംഗം ബാലവേദി, സൗപര്‍ണിക ശിങ്കാരിമേളസംഘം എന്നീ സംഘടനകള്‍ സമരത്തെ അനുകൂലിച്ച് പ്രകടനം നടത്തി. വി.ജി.ഗോപു, സി.ആര്‍.രേവതി, ഗോപിക, ഗായത്രി എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍പാട്ടുകളും കൊയ്ത്തുപാട്ടുകളും അവതരിപ്പിച്ചു.