മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; സലീംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസുകള്‍ സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്

single-img
28 March 2014

Oommen_Chandyമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസുകള്‍ സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശവുമായാണ് വിധിയുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെയാണ് ഇത്തരത്തില്‍ തട്ടിപ്പുകാര്‍ കടന്നുകൂടിയതെന്നും ഇതിന് മുഖ്യമന്ത്രി സ്റ്റേറ്റിനോട് ഉത്തരം പറയണമെന്നും വിധിന്യായത്തില്‍ പറയുന്നു. കളങ്കിതരായ ഉദ്യോഗസ്ഥരെ നിയമിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രിക്കാണെന്നും ഹൈക്കേടതി പറഞ്ഞു.

വിജിലന്‍സ്, റവന്യൂ രേഖകള്‍ സിബിഐക്ക് കൈമാറാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റേതാണ് വിധി. കടകംപള്ളി, കളമശേരി ഭൂമിയിടപാടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ബഞ്ച് വിധിയുണ്ടായിരിക്കുന്നത്. കളമശേരിയിലെ ഷെരീഫ, കടകംപള്ളിയിലെ ശ്രീജിത്ത് നായര്‍ എന്നിവരാണ് സിബിഐ അന്വേഷണത്തിനു കോടതിയെ സമീപിച്ചത്.

മുമ്പ് ഈ കേസ് പരിഗണിച്ചവേളയിലൊക്കെ വാക്കാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ച കോടതി ആദ്യമായാണ് വിധിന്യായത്തില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നത്.