ഏകാധിപത്യത്തിന്റെ പുതിയമുഖം : ഉത്തരകൊറിയയിലെ പുരുഷവിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ സുപ്രീം ലീഡര്‍ കിം ജോംഗ് ഉന്നിന്റെ ഹെയര്‍സ്റ്റൈല്‍ പിന്തുടരണം

single-img
27 March 2014

North Korean leader Kim Jong Un ഉത്തരകൊറിയയിലെ സര്വ്വകലാശാലകളിലെ പുരുഷവിദ്യാര്‍ത്ഥികള്‍ ഇനിമുതല്‍ രാജ്യത്തെ സുപ്രീം ലീഡറായ കിം ജോംഗ് ഉന്നിന്റെ ഹെയര്‍സ്റ്റൈല്‍ പിന്തുടരണം എന്ന് നിയമം.എകാധിപത്യരാജ്യമായ ഉത്തരകൊറിയയില്‍ നിന്നും അപൂര്‍വ്വം വാര്‍ത്തകളെ പുറത്തു വരാറുള്ളൂ.അതിലൊന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഈ ഹെയര്‍സ്റ്റൈല്‍ വിവാദം.

രണ്ടാഴ്ച മുന്‍പാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഉത്തരകൊറിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.റേഡിയോ ഫ്രീ ഏഷ്യ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഈ വാര്‍ത്ത‍ പുരം ലോകത്തെ അറിയിച്ചത്.തലസ്ഥാനമായ പ്യോംഗ്ജാംഗിലെ ചില സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ നിയമം ഇപ്പോള്‍ രാജ്യമൊട്ടാകെ നിലവില്‍ വന്നിരിക്കുകയാണ്.

എന്നാല്‍ തലയുടെ ഇരുവശത്തെയും മുടി പറ്റെ വെട്ടി നിര്‍ത്തുന്ന ഈ സ്റ്റൈല്‍ പണ്ട് ചൈനീസ്‌ കൊള്ളക്കാര്‍ പിന്തുടര്‍ന്നിരുന്ന ഒന്നാണ് എന്ന് പറയുന്നവരും ഉണ്ട്.അതുകൊണ്ടുതന്നെ കഴിഞ്ഞ പതിറ്റാണ്ടിന്റെ മദ്ധ്യം വരെ ഈ ഹെയര്‍സ്റ്റൈല്‍ കൊറിയയില്‍ ആരും ഇഷ്ടപ്പെട്ടിരുന്നില്ല.ഇപ്പോള്‍ ഈ ഹെയര്‍സ്റ്റൈല്‍ പിന്തുടരാന്‍ ജനങ്ങളെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ് എന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

എന്നാല്‍ പാശ്ചാത്യമാധ്യമങ്ങളുടെ ഈ റിപ്പോര്‍ട്ട്‌ നോര്‍ത്ത് കൊറിയന്‍ മാധ്യമമായ എന്‍ .കെ ന്യൂസ്‌ നിഷേധിച്ചിട്ടുണ്ട്.ഈയടുത്ത് ഉത്തരകൊറിയ സന്ദര്‍ശിച്ച വിദേശബിസ്സിനസ്സുകാരുടെ പ്രസ്താവനകള്‍ ചേര്‍ത്ത് വെച്ചാണ് ഇവര്‍ ഈ വാര്‍ത്ത‍ നിഷേധിച്ചിട്ടുള്ളത്.ഉത്തരകൊറിയയെ ലോകത്തിനു മുന്നില്‍ താറടിച്ചുകാണിക്കാനുള്ള പാശ്ചാത്യമാധ്യമങ്ങളുടെ ഗൂഢാലോചനയാണിതെന്നു ഇവര്‍ പറയുന്നു.

റേഡിയോ ഫ്രീ ഏഷ്യ പോലെയുള്ള മാധ്യമങ്ങള്‍ അമേരിക്ക സ്പോന്‍സര്‍ ചെയ്യുന്നവയാണ് എന്നത് വാസ്തവമായതുകൊണ്ട് എന്‍.കെ ന്യൂസിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വേണം കരുതാന്‍.