ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം തകര്‍ന്നുവീണുവെന്ന് മലേഷ്യ സ്ഥിരീകരിച്ചു

single-img
25 March 2014

airlinesപതിനേഴ് ദിവസം മുമ്പ് ക്വാലാലംപൂരില്‍ നിന്നു ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നതായി മലേഷ്യ സ്ഥിരീകരിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കാണ് വാര്‍ത്താസമ്മേളനത്തില്‍ ഇത് അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന 239 പേരും മരണമടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വിമാനദുരന്തങ്ങളെക്കുറിച്ചു പരിശോധിക്കുന്ന യുകെയിലെ എഎഐബി പ്രതിനിധികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സ്ഥിരീകരണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

അപകടത്തില്‍ മരിച്ച യാത്രക്കാരുടെയും ജീവനക്കാരുടെയും ബന്ധുക്കളുമായി മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഇതിനകം സംസാരിച്ചിരുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ സ്വകാര്യത മാനിക്കണമെന്നു മാധ്യമങ്ങളോടു പ്രധാനമന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു. ബെയ്ജിംഗിലേക്കു പോയ വിമാനം എതിര്‍ദിശയിലേക്കു പറന്നതിനു വിശദീകരണമില്ലെന്നും കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്നു വീണ്ടും മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും നജീബ് റസാക് പറഞ്ഞു.

വിമാനത്തിന്റേതെന്നു സ്ഥിരീകരിക്കുന്ന അവശിഷ്ടങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും എന്നാല്‍, പെര്‍ത്തിനു പടിഞ്ഞാറ് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനത്തിന്റേതെന്നു കരുതാവുന്ന നിരവധി അവശിഷ്ടങ്ങള്‍ കണെ്ടത്തിയിട്ടുണെ്ടന്നും നജീബ് റസാക് പറഞ്ഞു.