‘പവര്‍’ വന്നില്ല; മുസ്ലീപവര്‍ പണം തിരികെ നല്‍കണമെന്ന് ഉത്തരവ്

single-img
19 March 2014

MusliPawarമുസ്ലീപവറിന്റെ പരസ്യം കണ്ട് അതു വാങ്ങി ഉപയോഗിച്ച ഉപഭോക്താവിന് പരസ്യത്തില്‍ പറഞ്ഞ ഫലം കിട്ടാത്തതിനാല്‍ പണം തിരികെ നല്‍കാന്‍ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് എ.രാജേഷ്, അംഗം ഷീന്‍ ജോസ് എന്നിവരടങ്ങിയ ബഞ്ചാണ് അഭിഭാഷകന്‍ ബേസില്‍ അട്ടേപ്പറ്റി നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മുസ്ലീപവറിന്റെ പരസ്യം നിരോധിച്ച ഹൈക്കോടതി  ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ മാധ്യമങ്ങളില്‍ക്കൂടി തുടര്‍ച്ചയായി പരസ്യം നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പരസ്യത്തില്‍ മയങ്ങി ഉത്പന്നം വാങ്ങിയവര്‍ക്ക് പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന യാതൊരു ഗുണവും ലഭിക്കില്ലെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.

പരസ്യം കണ്ടാണ് താന്‍ ഉത്പന്നം വാങ്ങിയതെന്നും പരസ്യമില്ലായിരുന്നുവെങ്കില്‍ താന്‍ ഇത് വാങ്ങില്ലായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നു. വാങ്ങി ഉപയോഗിച്ചശേഷമാണ് പരസ്യത്തില്‍ പറയുന്ന യാതൊരുവിധ ഗുണഗണവും ഈ ഉത്പന്നം തരുന്നില്ലെന്ന് മനസ്സിലായതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

1954 ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റമഡീസ് നിയമത്തിലെ പരസ്യവുമായി ബന്ധപ്പെട്ട വകുപ്പ് 3 പ്രകാരം ഇതുപോലുള്ള പരസ്യങ്ങള്‍ അനുവദനീയമല്ലെന്ന് വിധിയില്‍ പറയുന്നു. പരസ്യം നിരോധിച്ച കോടതിവിധിയേയും ബഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിധിയുടെ അടിസ്ഥാനത്തില്‍ 30 ദിവസത്തിനകം ഉത്പന്നത്തിന്റെ തുകയായ 1900 രൂപ 12 ശതമാനം പലിശ സഹിതം ഹര്‍ജിക്കാരന് നല്‍കാനാണ് ഫോറം ഉത്തരവിട്ടിരിക്കുന്നത്.