കനത്ത വിളനാശം : മഹാരാഷ്ട്രയില്‍ മൂന്നാഴ്ചയ്ക്കിടെ 22 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

single-img
19 March 2014

മുംബൈ : കനത്ത വിളനാശത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തത് 22 കര്‍ഷകരെന്നു റിപ്പോര്‍ട്ട്‌.വിദര്‍ഭ-മറാത്ത്വാഡാ മേഖലയിലാണ് കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നത്.

കര്‍ഷകര്‍ വികാരപരമായി പ്രതികരിക്കരുതെന്നും സര്‍ക്കാര്‍ എല്ലാ വിധ സഹായങ്ങളും എത്തിക്കാമെന്നും മുഖ്യമന്ത്രി പ്രിഥ്വിരാജ് ചൌഹാന്‍ വാഗ്ദാനം ചെയ്തു.22 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി വിദര്‍ഭ ജന ആന്ദോളന്‍ സമിതി എന്ന സംഘടനയാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.ഇതില്‍ 9 പേര്‍ ആത്മഹത്യ ചെയ്തത് മൂന്നു ദിവസത്തിനുള്ളിലാണ്. ഈയടുത്തുണ്ടായ ആലിപ്പഴ വീഴ്ചയോടനുബന്ധിച്ചുള്ള കനത്ത വിളനാശമാണ് ഈ ആത്മഹത്യകള്‍ക്ക് കാരണമായി പറയുന്നത്.

എല്ലാ സഹായവും നല്‍കാം എന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ ദുരിതാശ്വാസം ഒന്നും തന്നെ പ്രഖ്യാപിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു തരത്തിലുള്ള സഹായവും നല്‍കാന്‍ സാധ്യമല്ല.

ഏകദേശം 16 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ വിളകള്‍ നശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.കര്‍ഷക ആത്മഹത്യകള്‍ കൊണ്ട് കുപ്രസിദ്ധമായ പ്രദേശമാണ് വിദര്‍ഭ.രണ്ടു വര്ഷം മുന്‍പ് ഓരോ എട്ട് മണിക്കൂറിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് ഇവിടെ നിലനിന്നിരുന്നത്.’ആത്മഹത്യാ രാജ്യം’ എന്നൊരു അപരനാമം കൂടി ഈ പ്രദേശത്തിനുണ്ട്.