ഡല്‍ഹി കൂട്ടബലാല്‍സംഗം : പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

single-img
13 March 2014

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു.മുകേഷ്,വിനയ് ശര്‍മ്മ,പവന്‍,അക്ഷയ്  എന്നീ നാലുപ്രതികളെ സെപ്റ്റംബര്‍ മാസത്തിലാണ് വിചാരണക്കോടതി മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.ഈ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഇന്ന് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.ഒന്നാം പ്രതിയായ രാംസിംഗ് വിചാരണയ്ക്കിടെ തിഹാര്‍ ജയിലില്‍ വെച്ച് തൂങ്ങിമരിച്ചിരുന്നു.

2012 ഡിസംബര്‍ 16-നാണ് സുഹൃത്തിനോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന 23 വയസ്സുള്ള ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ സൌത്ത് ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്.രാജ്യത്തെ നടുക്കിയ ഈ സംഭവം അന്താരാഷ്ട്രതലത്തിലും ഇന്ത്യയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലിരുന്നശേഷമാണ് പെണ്‍കുട്ടി മരിച്ചത്.

“ഞാനിപ്പോള്‍ സന്തുഷ്ടനാണ്.ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു.പക്ഷെ ഇതൊരു നല്ല വാര്‍ത്തയാണ്.എനിക്ക് മാത്രമല്ല,മുഴുവന്‍ സമൂഹത്തിനും.ഇതെല്ലാവര്‍ക്കും ഒരു പാഠമാകട്ടെ. ” കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.