വെള്ളാപ്പള്ളി നടേശന്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്ന് വിജിലന്‍സ്

single-img
27 February 2014

vellaവെള്ളാപ്പള്ളി നടേശന്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോപണത്തിലെ അന്വേഷണം അവസാനിപ്പിച്ചെന്നും എറണാകുളത്തെ വിജിലന്‍സ് ഡിവൈ.എസ്.പി.നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളാപ്പള്ളിയുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ. ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയിലാണിത്. എസ്.എന്‍.ഡി.പി. യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുചുമതലയില്‍ വെള്ളാപ്പള്ളി നടേശന്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. ചേര്‍ത്തല തുറവൂര്‍ ചാണിയില്‍ സി.പി. വിജയനാണ് ഹര്‍ജിക്കാരന്‍. വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി പിന്നീട് പരിഗണിക്കും.

വെള്ളാപ്പള്ളിക്കും കുടുംബത്തിനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസ്തുവുണ്ട്. എന്നാല്‍ അതിലേറെയും എസ്.എന്‍.ഡി.പി.യുടെ ഭാരവാഹിയാകുന്നതിനു മുമ്പ് വാങ്ങിയതാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് പണം വാങ്ങിയതായി തെളിവ് ലഭിച്ചിട്ടില്ല. ഹര്‍ജിക്കാരന്‍ ഇക്കാര്യങ്ങളില്‍ കൃത്യമായ ആരോപണം ഉന്നയിക്കുന്നുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ പദവി ദുരുപയോഗം ചെയ്തതായും കണ്ടെത്താനായിട്ടില്ല. വെള്ളാപ്പള്ളി നടേശന്റെ കുടുംബാംഗങ്ങള്‍ ആദായനികുതി രേഖകള്‍ സമര്‍പ്പിക്കുന്നവരാണ് എന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.