പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ സംബന്ധിച്ച് അന്തിമ തീരുമാനം 26ന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

single-img
24 February 2014

omenപരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ സംബന്ധിച്ച് അന്തിമ തീരുമാനം 26ന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏറ്റെടുക്കല്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം വിശദമായി പരിശോധിച്ചു. ഏതാനും വിഷയങ്ങളില്‍ കൂടി വ്യക്തത വരാനുണ്ട്. അവ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. 26ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു.

ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് (കെഎംഎംഎല്‍) പ്രദേശത്തെ 150 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. മലീനീകരണം രൂക്ഷമായ സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കണമെന്ന പ്രദേശത്തെ ജനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഈ തീരുമാനം. ഏറ്റെടുക്കുന്ന ഭൂമി കിന്‍ഫ്ര, സിഡ്‌കോ എന്നിവയുടെ പദ്ധതികള്‍ക്ക് നല്‍കും.

നെല്ലിന്റെ സംഭരണവില 19 രൂപയായി ഉയര്‍ത്തി. കെഎസ്ആര്‍ടിസി പാക്കേജ് സംബന്ധിച്ചും 26ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഫാക്ടിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇടുക്കിയില്‍ നാല് ആയുര്‍വേദ ഡിസ്‌പെന്‍സറി കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇടമലക്കുടി, കാന്തല്ലൂര്‍, വെള്ളിയാമറ്റം, കാഞ്ചിയാര്‍ എന്നിവിടങ്ങളിലാണ് പുതിയ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.