വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കം വീണ്ടും ശക്തമാകുന്നു

single-img
23 February 2014

vsവി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കം വീണ്ടും ശക്തമാകുന്നു . പ്രതിപക്ഷ നേതൃപദവി ഉപയോഗിച്ചാണ് വി.എസ്. പാര്‍ട്ടിവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നതെന്നും ഈ പദവിയില്‍ നിന്നും ഒഴിവാക്കിയാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിവിരുദ്ധ നീക്കങ്ങള്‍ക്ക് ശക്തികുറയുമെന്നും സംസ്ഥാനനേതൃത്വം സി.പി.എം. കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

നേരത്തെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയ കെ.കെ. രമയെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാറിന് വി. എസ്. കത്തുനല്‍കിയിരുന്നു. തുടര്‍ന്ന് സി. ബി. ഐ. അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതുപോലെ തന്നെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ കത്തിന്റെകൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ അന്വേഷണത്തിന് തീരുമാനിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ പ്രതിപക്ഷത്തിന്റെ മൊത്തം അഭിപ്രായമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും രമേശ് വിശദീകരിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്റെ സി.ബി.ഐ. അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതവും ഭരണാതിക്രമവുമാണെന്ന നിലപാടാണ് സി. പി. എം. സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാടില്‍ ഉറച്ചുനിന്ന് സര്‍ക്കാറിനെ നേരിടുന്നതിന് വി.എസ്സിന്റെ നിലപാടാണ് സി.പി.എമ്മിന് മുഖ്യതടസ്സം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വി.എസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും നീക്കുന്നതിന് സി. പി.എം. സംസ്ഥാന നേതൃത്വം അടിയന്തരപ്രാധാന്യം നല്‍കുന്നത്.

പാര്‍ട്ടിവിരുദ്ധ നിലപാടുകളുടെ പേരില്‍ വി.എസ്സിനെതിരെ സംഘടനാപരമായ അച്ചടക്കനടപടിയെടുക്കുന്നത് ഇപ്പോള്‍ എളുപ്പമാവില്ലെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.വി.എസ്. അച്യുതാനന്ദന്റെ പാര്‍ട്ടിയിലെ ഘടകം ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയാണ്. കേന്ദ്രകമ്മിറ്റിയില്‍ വി. എസ്സിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും നീക്കിയാല്‍ അത് സംഘടനാപരമായ അച്ചടക്ക നടപടിയല്ലെന്ന് വാദിക്കാനാകുമെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു.

പ്രതിപക്ഷനേതാവെന്ന നിലയില്‍ നിയമസഭയില്‍ വി. എസ്സിന്റെ പ്രകടനം തൃപ്തികരമല്ലെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്താനും സി.പി.എം. സംസ്ഥാന നേതൃത്വം ശ്രമിക്കും. കഴിഞ്ഞ രണ്ടു നിയമസഭാസമ്മേളനങ്ങളില്‍ വി.എസ്. എത്രസമയം സഭയില്‍ ചെലവഴിച്ചു, എത്ര പ്രസംഗങ്ങള്‍ നടത്തി എന്നതിന്റെയെല്ലാം കണക്കെടുത്ത് കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കാനും നീക്കമുണ്ട്. ഇതിനു പുറമെ, എല്‍.ഡി.എഫിനെ നിരന്തരം വെട്ടിലാക്കുന്ന വി.എസ്സിന്റെ നടപടിയില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്ന് സ്ഥാപിക്കാനും സംസ്ഥാനനേതൃത്വം ശ്രമിക്കും.

വി. എസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും നീക്കാന്‍ മുമ്പ് പലതവണ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആ സ്ഥാനത്തുനിന്നും നീക്കാനും ശ്രമിച്ചു. സംഘടനാപരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെല്ലാം ശ്രമിച്ചത്. എന്നാല്‍ ഇത്തവണ ഇതിനൊപ്പം പ്രതിപക്ഷനേതാവെന്ന നിലവിലുള്ള വി.എസ്സിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നുകൂടി സ്ഥാപിച്ച് ലക്ഷ്യംനേടാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.