ഖത്തറിലെ ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയം പണിയുന്നതിനിടെ രണ്ടു വര്‍ഷത്തിനുള്ളില്‍ മരിച്ചത് 455 ഇന്ത്യന്‍ തൊഴിലാളികള്‍ : “സ്വാഭാവിക”മെന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

single-img
20 February 2014

ഖത്തറില്‍ 2012 ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനുള്ള വേദി ഒരുക്കുന്ന ജോലിക്കിടെ രണ്ടു വര്‍ഷത്തിനുള്ളില്‍ മരിച്ചത് 455 ഇന്ത്യന്‍ തൊഴിലാളികള്‍ .ഇതില്‍ 237 പേര്‍ 2012-ലും 218 പേര്‍ 2013-ലെ ആദ്യത്തെ 11 മാസങ്ങള്‍ക്കിടെയുമാണ് മരിച്ചത്.അതായത് ഒരു മാസം ശരാശരി 20 ഇന്ത്യന്‍ തൊഴിലാകള്‍ വീതം കൊല്ലപ്പെടുന്ന അവസ്ഥ!

ദോഹയിലെ ഇന്ത്യന്‍ എംബസി പുറത്തു വിട്ട രേഖയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.എ എഫ് പി എന്നാ ന്യൂസ്‌ ഏജന്‍സി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖയിലും ഇത് വ്യക്തമാണ്.എന്നാല്‍ മരണങ്ങള്‍ തികച്ചും “സ്വാഭാവികം ” എന്ന നിലയിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയം പണിയുന്നതിനെത്തിയ കുടിയേറ്റ തൊഴിലാളികളോട് മൃഗങ്ങളോട് പെരുമാറുന്നത് പോലെയാണ് പെരുമാറിയതെന്ന് കഴിഞ്ഞ നവംബറില്‍ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.വേതനമില്ലാതെ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ നിര്‍ബ്ബന്ധിതരായിരുന്നു എന്നാണു ആംനസ്റ്റി കണ്ടെത്തിയത്.2012 -ല്‍ മാത്രം 1000 തൊഴിലാളികളെ കെട്ടിടത്തിനു മുകളില്‍ നിന്നും വീണു പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.191 നേപ്പാളി തൊഴിലാളികള്‍ 2013-ല്‍ കൊല്ലപ്പെട്ടതായി എ എഫ് പി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

അസ്വാഭാവികമായി ഉയര്‍ന്ന മരണനിരക്കാണ് ഇതെന്നാണ് ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ അഭിപ്രായപ്പെട്ടത്.മരണനിരക്കുകള്‍ ഭീകരമാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ ഗവേഷകന്‍ നിക്കോളാസ് മക്ഗീഹന്‍ പ്രതികരിച്ചു.

എന്നാല്‍ സ്വന്തം രാജ്യത്തെ ജനങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തിന്‌ നേരെയുള്ള ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്.തികഞ്ഞ നിസംഗതയോടെ ഇതിനെ സ്വാഭാവികം എന്ന് വിളിച്ചു തള്ളിക്കളയുകയാണ് മന്ത്രാലയത്തിന്റെ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ ചെയ്തത്.