‘അമ്മ’യ്ക്കായി മനസ്സറിഞ്ഞ് മുഖ്യധാരാ മാധ്യമങ്ങളുടെ സഹായം; ആശ്രമപ്പടിക്കല്‍ രാഷ്ട്രീയം പോലും വിറച്ചു നില്‍ക്കുന്നു

single-img
19 February 2014

Ammaമുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളോട് തീര്‍ത്താല്‍ തീരാത്ത പുച്ഛമാണ്. ഒരു വലിയേട്ടന്‍ മനോഭാവം. തങ്ങള്‍ നിയന്ത്രിച്ച് തന്നിഷ്ടപ്രകാരം ഭരിച്ചുകൊണ്ടിരുന്ന ഖേലകളില്‍ ചെറുതായിട്ടെങ്കിലും ഇത്തരത്തിലുള്ള ചെറു മാധ്യമങ്ങളുടെകടന്നു വരവ് ഈ മാടമ്പികള്‍ ഇഷ്ടപ്പെടുന്നില്ല. അതിനു തക്കതായ കാരണങ്ങളുമുണ്ട്.

ഒരു അഞ്ചുവര്‍ഷം മുമ്പായിരുന്നെങ്കില്‍ ആരുമറിയാതെ പോകുമായിരുന്ന ഒരു വാര്‍ത്തയെ കഴിഞ്ഞദിവസം ലോകമറിഞ്ഞത് ഈ ചെറിയ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ്. പക്ഷേ മുഖ്യധാരാ മാധ്യമങ്ങളെന്നു വിളിക്കുന്ന കേരളത്തിലെ പത്രങ്ങള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് സൗകര്യപൂര്‍വ്വം ആ വാര്‍ത്ത മറന്നിരിക്കുന്നു.

മാതാ അമൃതാനന്ദമയിക്കെതിരെ ഇന്നലെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ സൈറ്റുകളിലും നിറഞ്ഞോടിയ വെളിപ്പെടുത്തല്‍ വാര്‍ത്ത ഇന്നത്തെ മുഖ്യധാര വര്‍ത്തമാനപത്രങ്ങളുടെ ഏതെങ്കിലും ഒരു പേജില്‍ ഒരു കോളത്തിലെങ്കിലും കാണിച്ചുതരാന്‍ കഴിയുമോ എന്നു ചോദിച്ചാല്‍ ശ്രമിക്കുന്നവര്‍ കുറച്ചു ബുദ്ധിമുട്ടും. ആസ്‌ട്രേലിയക്കാരിയായ ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന അമ്മയുടെ പഴയ ശിഷ്യയുടെ ഞട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്നുപോലുമറിയാത്ത രീതിയില്‍ മുത്തശ്ശിപത്രങ്ങള്‍ മുക്കിയിരിക്കുന്നത്.

ഒരുവര്‍ഷം മുമ്പ് ഇടുക്കിയിലെ സി.പി.എമ്മിന്റെ േനതാവ് എം.എം. മണി നടത്തിയ പ്രസംഗം ഈ മാധ്യമങ്ങളില്‍ നിന്നുകളിച്ചത് മാസങ്ങളോളമാണ്. അതുപോലെ സംസ്ഥാനത്തിലെ പല വാര്‍ത്തകളും ഈ മാധ്യമങ്ങള്‍ ഇഷ്ടമുള്ള രീതിയില്‍ കൂട്ടിയും കുറച്ചും കൊടുക്കുമ്പോള്‍ അതിരാവിലെ ഇവറ്റകളുടെ വരവും കാത്തിരിക്കുന്ന സാധാരണക്കാര്‍ വെറും മണ്ടന്‍മാരാണെന്നു കൂടി പറയാതെ പറഞ്ഞു വയ്ക്കുകയാണ് ഈ മാധ്യമങ്ങള്‍ ചെയ്യുന്നതെന്നുള്ള കാര്യം സ്പഷ്ടമാണ്.

നിങ്ങള്‍ മണ്ടന്‍മാര്‍ മാത്രമല്ല, ഇനിയൊരു നൂറുകൊല്ലത്തോളം നിങ്ങള്‍ ഇങ്ങനെതന്നെ തുടരുമെന്നുള്ള സുചനകുടിയാണ് പ്രമുഖ മുത്തശ്ശിപത്രങ്ങള്‍ ഇന്നത്തെ പത്രങ്ങളിലൂടെ തന്നിരിക്കുന്ന സൂചനയും. ലോകം മുഴുവന്‍ ഉറ്റുനോക്കുകയും വായിച്ച് ഞട്ടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ ആരോപണങ്ങളൊന്നും ഞങ്ങള്‍ക്കോ ഞങ്ങളുടെ മാനേജ്‌മെന്റിനോ പ്രശ്‌നമല്ലെന്ന മട്ടില്‍ ‘വീര’പുരുഷന്‍മാരോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോയും വാര്‍ത്തയും മുന്‍പേജില്‍ മുകളില്‍ വച്ചുകാച്ചി അതിരാവിലെ ജനങ്ങളുടെ വീട്ടിലെത്തിച്ചിരിക്കുന്നു. മറ്റേതോ, അമ്മയുടെ അശ്ലേഷ നിര്‍വൃതിയുടെ ചിത്രം കൊടുത്ത് സ്വയം നിര്‍വൃതിയടഞ്ഞിരിക്കുന്നു.

വിദേശ മാധ്യമങ്ങളില്‍പോലും സ്‌ഫോടനം സൃഷ്ടിച്ച സുധാമണിയെപ്പറ്റിയുള്ള വെളിപ്പെടുത്തലുകള്‍ ഈ മാധ്യമങ്ങള്‍ മറക്കുമ്പോള്‍ രാവിലെയഴുന്നേറ്് ചായക്കൊപ്പം വിഴുങ്ങുന്ന വാര്‍ത്തകളില്‍ ഏതിനെയാണ് ജനങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുക. മാധ്യമ അജണ്ടകള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന കോര്‍പ്പറേറ്റ് രീതി കൊണ്ടുവരുന്ന ഇവര്‍ ഇന്ത്യയ്ക്ക് 1947 ആഗസ്റ്റ് 15 ന് സ്വതന്ത്ര്യം കിട്ടി 1950 ജനുവരി 26 ന് റിപ്പബ്ലിക്കായ കാര്യം സൗകര്യപൂര്‍വ്വം മറക്കുന്നു.

ഈ പ്രമുഖ മാധ്യമങ്ങളിലൊന്നിന് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളെ കണ്ണെടുത്താല്‍ കണ്ടുകൂടെന്ന കാര്യം പരസ്യമാണ്. അതുപോലെ തന്നെയാണ് മറ്റ് ഓണ്‍ലൈന്‍ പത്രങ്ങളുടെ കാര്യത്തിലും. നിങ്ങളല്ല വാര്‍ത്തയുണ്ടാക്കേണ്ടത്, ഞങ്ങളാണ് എന്നുപറഞ്ഞ് വാര്‍ത്തകള്‍ സ്വയം സൃഷ്ടിക്കുകയും അവയെ വളര്‍ത്തുകയും ഉപയോഗമില്ലെന്നു കണ്ടാല്‍ കൊല്ലുകയും ചെയ്യാനുള്ള അധികാരമാണ് ഈ മൂന്നുകോടി ജനങ്ങളുടെ മുന്നില്‍ ഈ ‘മുക്കിയ’ധാരകള്‍ പരസ്യമായി കാണിക്കുന്നത്.

ഇതിനിടയിലെ ഏറ്റവും വലിയതമാശ രണ്ടുമുന്നണിയിലെയും പലരും ഇതുവരയ്ക്കും ഈ വാര്‍ത്തയറിഞ്ഞിട്ടില്ലെന്നുള്ളതാണ്. ശേഷമുള്ള മറ്റൊരു മുന്നണി അറിയില്ല, കാരണം അവര്‍ക്ക് ജീവിക്കാനുള്ള വെള്ളവും വായുവും വളവുമൊക്കെ ഇടയ്ക്കിടയ്ക്ക് നല്‍കുന്നതില്‍ മിക്കവാറുമുള്ള എല്ലാ ആള്‍ദൈവങ്ങള്‍ക്കും കാര്യമായ പങ്കുണ്ടല്ലോ. ഇന്ത്യയുടെ ഭാവി തേരാളി മാതാദര്‍ശനത്തിന് വന്നിട്ടുപോയിട്ട് അധികകാലമായതുമില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പു മുന്നില്‍ നിന്ന് പല്ലിളിച്ചു കാട്ടുന്ന ഈ സമയത്ത് ഒരു രാഷ്ട്രീയ നേതൃത്വവും ഒരു മാധ്യമങ്ങളും ഇതിനെതിരെ പ്രതികരിക്കില്ല എന്നുള്ളതില്‍ സംശയമില്ല. പക്ഷേ, ക്ഷേത്രങ്ങളുടെ മുന്നില്‍ പിച്ചയെടുത്ത് വരെ ഉപജീവനം കഴിക്കുന്നവരുടെ കയ്യിലും ഒരു സ്മാര്‍ട്ട്‌ഫോണും നെറ്റ് കണക്ഷനുമുള്ള ഇക്കാലത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ ജനങ്ങളുടെയിടയിലേക്കിറങ്ങിച്ചെല്ലാന്‍ അധിക സമയം വേണ്ടെന്ന് ഈ മധ്യമങ്ങള്‍ ഒാര്‍ത്താല്‍ നന്ന്. തിരസ്‌കരണമെന്ന വാക്ക് ജനങ്ങള്‍ ചിലപ്പോഴൊക്കെ ഓര്‍ത്തുപോകും. മാസമാസം കൊടുക്കുന്ന 160 രൂപ കയ്യിലിരിക്കട്ടെയെന്ന് ജനങ്ങള്‍ വിചാരിച്ചാല്‍ ഒരു ‘മുക്കിയ’ധാരനും പിന്നെ നിവര്‍ന്നു നില്‍ക്കാന്‍ കഴിയില്ലെന്നകാര്യമോര്‍ത്താല്‍ നന്ന്.