ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ

single-img
15 February 2014

aravindആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശചെയ്തതായി റിപ്പോര്‍ട്ട്. ലെഫ്. ഗവര്‍ണറാണ് ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശക്കത്ത് കൈമാറിയത്. ആം ആദ്മി സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണത്തിന് ലഫ്. ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത്.

എന്നാൽ നിയമസഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ അഭ്യര്‍ത്ഥന ലഫ്. ഗവര്‍ണര്‍ തള്ളി. രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിയമസഭ പിരിച്ചുവിടണമെന്ന ആവശ്യം ഉന്നയിക്കാന്‍ തീരുമാനം എടുത്തത്. തുടര്‍ന്ന് ഇതുസംബന്ധിച്ച കത്ത് ലഫ്. ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നജീബ് ജങ്ക് ഈ ആവശ്യത്തെ അനുകൂലിച്ചില്ല.

മറ്റൊരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുന്ന സാഹചര്യം ഇല്ലാത്തതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയാണ് ലഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന് നല്‍കിയത്. നിയമോപദേശം തേടിയശേഷം എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ലഫ്. ഗവര്‍ണറുടെ ശുപാര്‍ശയിന്മേല്‍ കേന്ദ്രമന്ത്രിസഭ തീരുമാനം എടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

അഴിമതി തടയുന്നതിനുള്ള ജനലോക് പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു .ഡല്‍ഹിയില്‍ ഒരുകക്ഷിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വേണ്ടിവരും. അതുവരെ രാഷ്ട്രപതിഭരണം തുടരും.രാഷ്ട്രപതിഭരണം നീട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനും കേന്ദ്രം നീങ്ങിയേക്കാം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റേതായിരിക്കും.