ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ച സമരം ഹൈക്കോടതി നിരോധിച്ചു

single-img
15 February 2014

petrolഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ ഫിബ്രവരി 18, 19 തീയതികളില്‍ പ്രഖ്യാപിച്ച സമരം ഹൈക്കോടതി നിരോധിച്ചു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് പി. എന്‍. രവീന്ദ്രന്റെ ഇടക്കാല ഉത്തരവ്. പെട്രോള്‍ വില്പന നിര്‍ത്തിവച്ചാല്‍ ആംബുലന്‍സുകള്‍ളുള്‍പ്പെടെ ഓടിക്കാനാവാതെ വരും. ഇന്ധനമില്ലാതായാല്‍ ആശുപത്രിയിൽ പോകാന്‍പോലും ജനത്തിന് വാഹനം കിട്ടാതെ വരുമെന്ന് കോടതി വിലയിരുത്തി.

ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ച സമരത്തിനെതിരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയവും ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്.

പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം അവശ്യസര്‍വീസായി പ്രഖ്യാപിച്ച് വിജ്ഞാപനമിറിക്കിയിട്ടില്ലെന്നും എന്നാല്‍ അക്കാര്യം പരിഗണനയിലാണെന്നും സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ. ജലീല്‍ കോടതിയെ അറിയിച്ചു. പൊതുതാത്പര്യമുണ്ടെങ്കില്‍ അവശ്യസര്‍വീസായി പരിഗണിക്കപ്പെടേണ്ടതാണെന്ന് കോടതി വിലയിരുത്തി.സര്‍ക്കാര്‍ കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിനെതിരെയായിരുന്നു സമരം.