മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള വാഹനവുമായി ഐ എസ് ആര്‍ ഒ : പരീക്ഷണപ്പറക്കല്‍ ജൂണില്‍ ഉണ്ടായേക്കും

single-img
15 February 2014

ചൊവ്വാ ദൌത്യത്തിന് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ദൌത്യവുമായി ഐ എസ് ആര്‍ ഓ രംഗത്ത്‌.മനുഷ്യനെയും വഹിച്ചു ബഹിരാകാശത്ത് പോയി തിരിച്ചുവരാന്‍ ശേഷിയുള്ള  പേടകം നിര്‍മ്മിച്ച്‌ കൊണ്ടാണ് ഐ എസ് ആര്‍ ഒയുടെ ആദ്യ ചുവടുവെയ്പ്പ്.

എല്ലാ കണക്കു കൂട്ടലുകളും ശരിയായി വന്നാല്‍ ഈ വര്‍ഷം മേയിലോ ജൂണിലോ തന്നെ ഈ പേടകവും വഹിച്ചുകൊണ്ട് ഇന്ത്യയുടെ അഭിമാന വാഹനം ജി എസ് എല്‍ വി മാര്‍ക്ക്‌ III ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നും പറന്നുയരും എന്നാണു റിപ്പോര്‍ട്ട്‌. എന്നാല്‍ ഈ യാത്രയില്‍ മനുഷ്യരെയോ മൃഗങ്ങളെയോ അയയ്ക്കില്ല.ബഹിരകാശത്ത് പോയ ശേഷം സുരക്ഷിതമായി തിരിച്ചെത്താനുള്ള വാഹനത്തിന്റെയും പേടകത്തിന്റെയും ശേഷി പരിശോധിക്കുക മാത്രമാണ് ഈ ഘട്ടത്തില്‍ ചെയ്യുകയെന്നാണ് ഐ എസ് ആര്‍ ഓ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.പേടകം തിരിച്ചെത്തുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പോര്‍ട്ട്‌ ബ്ലയറില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയായി പതിക്കുമെന്നാണ് കണക്കുകൂട്ടല്‍.

പദ്ധതിക്കായി സര്‍ക്കാരില്‍ നിന്നും 12500 കോടി രൂപയുടെ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അറിയിച്ചു.പേടകത്തിന്റെ ബാഹ്യഘടന നിര്‍മ്മിച്ച്‌ നല്‍കിയത് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ്.

ദൌത്യം വിജയമായാല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ.ഇതിനു മുന്നേ അമേരിക്കയും റഷ്യയും ചൈനയുമാണ് ഈ രംഗത്ത് വെന്നിക്കൊടി പാറിച്ചത്.