ആം ആദ്മി വിപ്ലവം അവസാനിച്ചു ,കെജ്‌രിവാൾ സർക്കാർ രാജിവെച്ചു

single-img
14 February 2014

aravindആം ആദ്മി സർക്കാരിന്റെ അഭിമാന പ്രശ്നമായി മാറിയ ജൻലോക്പാൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയാത്തതിനെത്തുടർന്ന്  ഡൽഹിയിലെ ആം ആദ്മി സർക്കാർ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലെഫ്.ഗവർണർക്ക് അയച്ചുകൊടുത്തു.ബിൽ അവതരിപ്പിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ‍ൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ന് നിയമസഭാ സമ്മേളനത്തിൽ ബഹളത്തിനിടെ ബിൽ അവതരിപ്പിച്ചുവെന്ന് കെജ്‌രിവാ‍ൾ വ്യക്തമാക്കിയിരുന്നെങ്കിലും  ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് സ്പീക്കർ എം.എസ്.ധീർ വ്യക്തമാക്കിയത് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കനത്ത തിരിച്ചടിയായി.

ഗവർണറുടെ എതിർപ്പിനെ മറികടന്ന് കേജ്‌രിവാൾ ബിൽ സഭയുടെ മേശപ്പുറത്ത് വച്ചിരുന്നു. എന്നാൽ ഇതിനെ ബിൽ അവതരണമായി കണക്കാക്കാൻ കഴിയില്ലെന്ന് സ്പീക്കർ റൂളിംഗ് നൽകുകയായിരുന്നു.ബിൽ അവതരിപ്പിക്കാൻ കഴിയാത്തതിന്റെ പേരിൽ കെജ്‌രിവാൾ രാജിവച്ചേക്കുമെന്ന് പാർട്ടി സൂചന നേരത്തെ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കാൻ പ്രവർത്തകരോട് ഉടൻ പാർട്ടി ആസ്ഥാനത്തെത്താൻ അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. ബില്ലവതരണം തടസപ്പെടുത്തിയ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനത്തിനും കേജ്‌രിവാൾ ആഹ്വാനം ചെയ്തു.

ഇന്ന് രണ്ടു  മണിക്കാണ് നാടകീയ സംഭവങ്ങൾ നിയസഭയിൽ അരങ്ങേറിയത്. സഭ ചേർന്നപ്പോൾ ബിൽ അവതരിപ്പിക്കാനുള്ള തീരുമാനം കേജ്‌രിവാൾ സഭയെ അറിയിച്ചു. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. ബില്ല് അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്ത് വായിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഹർഷ്‌വർധൻ ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കർ  അതിനു തയ്യാറായില്ല.അതേസമയം ബില്ലിനെ തങ്ങൾ എതിർക്കുന്നില്ലെന്ന് ഹർഷ്‌വ‍ർധൻ പറഞ്ഞു.

എന്നാൽ അഴിമതി ഇല്ലാതാക്കാൻ നൂറുതവണ മുഖ്യമന്ത്രി പദം ഉപേക്ഷിക്കാൻ താൻ തയാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ  ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് ആം ആദ്മി പാർട്ടി  ഡൽഹി നിയമസഭയിൽ  വിജയം നേടിയെടുത്തത്.  കേവലം ഒരു വർഷം മാത്രം രാഷ്ട്രീയ പ്രവർത്തന പരിചയം ഉള്ള ഒരു പാർട്ടി വൻനേട്ടം കൈവരിച്ചപ്പോൾ കിടുങ്ങിയത് ഇന്ത്യയിലെ രാഷ്ട്രിയ പാർട്ടികൾ ആണ് .

ഡൽഹിയിലെ എഴുപതംഗ ഡൽഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല.  നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷി​തിനെ 25,864 വോട്ടിന് പരാജയപ്പെടുത്തി ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജയിച്ച കെജ്രിവാള്‍ 2013 ഡിസംബര്‍ 28 ന് ആയിരുന്നു മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 28 സീറ്റ് സ്വന്തമാക്കി രണ്ടാമത്തെ കക്ഷിയായി മാറിയ ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെയും പിന്തുണയോടെ അധികാരത്തില്‍ എത്തിയത്.ഡിസംബർ 29 നു രാംലീല മൈതാനിയിൽ വെച്ചായിരുന്ന ആം ആദ്മിയുടെ സത്യപ്രതിജ്ഞ.