സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും

single-img
10 February 2014

പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡം ആവിഷ്കരിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.18,19, തീയതികളിൽ 48 മണിക്കൂർ ഇന്ധനം വാങ്ങാതെയും വിൽക്കാതെയും പെട്രോൾപമ്പുകൾ അടച്ചിട്ട് ഉടമകൾ പ്രക്ഷോഭം നടത്തുമെന്നും അറിയിപ്പിൽ പറഞ്ഞു.

പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുക, ബാഷ്പീകരണനഷ്ടം പരിഹരിക്കുക, സാമൂഹികവിരുദ്ധരില്‍നിന്ന് പമ്പുകളെയും ജീവനക്കാരെയും സംരക്ഷിക്കുക, മറ്റ് പുതിയ ലൈസന്‍സുകള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക, മുടക്കുന്ന തുകയ്ക്ക് ആനുപാതികമായി കമ്മീഷന്‍ നല്‍കുക, ഇന്ധനവില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക, എണ്ണക്കമ്പനികളുടെ കണക്ക് പരിശോധിക്കാന്‍ സി.എ.ജി.യെ ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പമ്പുടമകള്‍ ഉന്നയിക്കുന്നത്.

ഇതുവരെയുള്ള നിവേദനങ്ങളും പ്രക്ഷോഭങ്ങളും സര്‍ക്കാരും എണ്ണക്കമ്പനികളും അവഗണിച്ചതായി സംഘടന ആരോപിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന സമരത്തെ തുടര്‍ന്നുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച സിവില്‍ സപ്ലൈസ് സെക്രട്ടറിയുടെയും ഓയില്‍ കമ്പനികളുടെയും നിഷേധാത്മക നിലപാടുകള്‍ക്കെതിരെയാണ് സംഘടന വീണ്ടും സമരരംഗത്തിറങ്ങിയതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.