മൂന്നാം ബദല്‍ വേണ്ടത് കേരളത്തിൽ എന്ന് മോഡി,മോദി പ്രധാനമന്ത്രിയാകുന്നത് സന്തോഷകരമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ ഭദ്രാസനാധിപന്‍മാർ

single-img
9 February 2014

modiമൂന്നാം ബദല്‍ വേണ്ടത് കേരളത്തിലാണെന്ന് ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിനരേന്ദ്ര മോദി പറഞ്ഞു. ശംഖുമുഖം കടപ്പുറത്ത് നടന്ന ബി.ജെ.പി.യുടെ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഇവിടെ ഭരിച്ച ഇടതു വലതു മുന്നണികളാണെന്നും ഈ മുന്നണികള്‍ പരസ്പരം നിഴല്‍യുദ്ധമാണ് നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി. ഈ ഒത്തുകളി കാരണമാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെട്ടതെന്നും മോദി കുറ്റപ്പെടുത്തി. കേരളത്തിലെ അമ്മമാര്‍ കെ.കെ.രമയുടെ ദു:ഖത്തിനൊപ്പം നില്‍ക്കണമെന്നും മോദി പറഞ്ഞു.ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. എന്നാല്‍ , ഈ നാട് വിട്ട്, തങ്ങളുടെ പ്രായമായ രക്ഷിതാക്കളെ വിട്ട് ലക്ഷക്കണക്കിന് യുവാക്കള്‍ മറ്റു നാടുകളിലേയ്ക്ക് പോവുകയാണ്.

ഈയൊരു അവസ്ഥയ്ക്ക് കാരണം ബി.ജെ.പി.യില്ല ഇടതു വലതു മുന്നണികളാണ്. ഇവിടുത്തെ തൊഴിലില്ലായ്മയ്ക്ക് കാരണവും ഇവരാണ്. സേവന മേഖലയിലൊ തൊഴില്‍ മേഖലയിലെ പുറംകരാറിന്റെ കാര്യത്തിലോ വ്യക്തമായ ഒരു നയം ഇന്നു കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ ഇല്ല. ഗുജറാത്തിനും കേരളത്തിനും ഒരേ സമയത്താണ് എല്‍ .എന്‍ .ജി ടെര്‍മിനല്‍ അനുവദിച്ചത്. എന്നാല്‍ ഗുജറാത്തില്‍ അത് 2004ല്‍ യാഥാര്‍ഥ്യമായപ്പോള്‍ 2014 ആയിട്ടും കേരളത്തില്‍ അത് പൂര്‍ണമായി യാഥാര്‍ഥ്യമായില്ല. ഗുജറാത്തില്‍ പദ്ധതിക്ക് രണ്ടായിരം കോടി രൂപയാണ് ചിലവു വന്നതെങ്കില്‍ കേരളത്തില്‍ അത് 4500 കോടി രൂപയായി. എവിടെയാണ് സദ്ഭരണം നടക്കുന്നതെന്ന് ഇതുതന്നെ വ്യക്തമാക്കുന്നുണ്ട് മോഡി പറഞ്ഞു.ബി.ജെ.പി. ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ്, സുബ്രഹ്മണ്യം സ്വാമി എന്നിവരും പ്രസംഗിച്ചു.

സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കെ.സുരേന്ദ്രന്‍ മോദിയുടെ പ്രസംഗം തര്‍ജമ ചെയ്തു. അതേസമയം കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുമായി ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് തോമസ് മാര്‍ അത്തനാസിയോസ് ചര്‍ച്ച നടത്തി. മോദി പ്രധാനമന്ത്രിയാകുന്നത് സന്തോഷകരമാണെന്ന് ചര്‍ച്ചയ്ക്കുശേഷം ബിഷപ്പ് പറഞ്ഞു. മോദി ഗുജറാത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ് എന്നും അദ്ദേഹം പറഞ്ഞു.