രമയെ അനുകൂലിച്ച് കത്തയച്ച വി എസിന്റെ നടപടി പാര്‍ട്ടി നിലപാടിന് വിരുദ്ധമെന്ന് പി ബി

single-img
8 February 2014

ദില്ലി: കെ കെ രമയെ പിന്തുണച്ച് കത്തയച്ച വി എസ് അച്യുതാനന്ദന്റെ നടപടി സിപിഎം പോളിറ്റ് ബ്യൂറോ തള്ളി. ഇന്ന് രാവിലെ ദില്ലി എകെജി ഭവനില്‍ ചേര്‍ന്ന അവയിലബിള്‍ പി ബി യോഗമാണ് വി എസിന്റെ നിലപാട് തള്ളി പത്രക്കുറിപ്പ് ഇറക്കിയത്. വി.എസിന്റെ നിലപാടല്ല ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളത്. വി.എസിന്റേത് തെറ്റായ നടപടിയാണെന്നും അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ അറിയിച്ചു.വി എസിന്റെ കത്തിനെക്കുറിച്ച് അടുത്ത പിബി യോഗം വിശദമായി ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രനേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ സിബിഐ അന്വേഷണം വേണ്ട എന്നത് പാര്‍ട്ടി തീരുമാനിച്ചതാണ്. വി.എസ് കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വി.എസിന്റെ കത്തില്‍ സംസ്ഥാന ഘടകം നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അവെയ്‌ലബിള്‍ പി.ബിക്കു മുന്‍പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചിരുന്നു. പാര്‍ട്ടി നിലപാടിനെ പരസ്യമായി തള്ളിക്കളഞ്ഞ വി.എസിനെതിരെ അച്ചടക്ക നടപടിക്ക് മടിക്കില്ലെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്‍കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ വി.എസിനെ തൊടില്ലെന്ന് ഇതുവരെ കരുതിയതെങ്കിലും പാര്‍ട്ടി വിരുദ്ധ നിലപാടുമായി മുന്നോട്ടുപോയാല്‍ അച്ചടക്ക നടപടി വൈകില്ലെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്.