ദാരിദ്ര്യവും തൊഴിലില്ലായ്മയും ജനങ്ങളെ തെരുവിലിറക്കി:ബോസ്നിയയില്‍ ആഭ്യന്തരകലാപം രൂക്ഷം

single-img
8 February 2014

കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം വലഞ്ഞ ജനങ്ങള്‍ തെരുവിലിറങ്ങിയത് ബോസ്നിയ-ഹെര്‍സെഗോവിനയില്‍ ആഭ്യന്തരകലാപം രൂക്ഷമാക്കി.രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും ഉണ്ടായിട്ടും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല എന്നാരോപിച്ചാണ് സമരക്കാര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.

തലസ്ഥാനമായ സരജാവോയിലും വടക്കന്‍ പ്രവിശ്യയിലെ നഗരമായ തുസ്ലയിലും സമരക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു.സരജാവോയിലെ പ്രസിഡന്‍സി കാര്യാലയത്തിനു നേരെയും സമരക്കാര്‍ ആക്രമണം നടത്തി.ഈ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി.തുസ്ലയില്‍ സമരക്കാരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏതാണ്ട് 130-പേര്‍ക്കെങ്കിലും പരിക്കുണ്ട്.

രാജ്യത്തെ സാമ്പത്തിക സ്ഥിതി ഇത്രയും മോശമാക്കിയ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടാണ് സമരം.നിരവധി ഫാക്ടറികള്‍ അടച്ചു പൂട്ടുകയും വില്‍ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി നിരവധിപേരെ തൊഴില്‍രഹിതരാക്കിയിരുന്നു.ഈ നടപടിക്കെതിരെ കഴിഞ്ഞയാഴ്ച തുസ്ലയില്‍ ആണ് ആദ്യം കലാപം പൊട്ടിപ്പുറപ്പെട്ടത്.ബോസ്നിയയില്‍ ഏതാണ്ട് 40% ആളുകളും തൊഴില്‍രഹിതരാണ്‌.