രമയ്ക്ക്‌ നീതി ലഭ്യമാക്കണമെന്ന് സുഗതകുമാരി

single-img
7 February 2014

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ കെ  രമ നടത്തുന്ന നിരാഹാരസമരത്തിന് പിന്തുണയുമായി പ്രമുഖ കവയിത്രി സുഗതകുമാരി രംഗത്ത്‌.രമയുടെ ആവശ്യത്തിന് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സെക്രട്ടേറിയേറ്റിന് മുമ്പിലെ സമരപന്തലില്‍ രമയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുഗതകുമാരി. രമയുടെ ജീവന്‍ രക്ഷിക്കുന്നതാണ് ഇപ്പോള്‍ പ്രധാനം. സമരപന്തലില്‍ കിടന്ന് മരിക്കേണ്ടവളല്ല രമയെന്നും സുഗതകുമാരി പറഞ്ഞു.

രാഷ്ട്രീയത്തിന്റെ പേരിലും മതത്തിന്റെ പേരിലും കൊലപാതകങ്ങള്‍ ഇനി നടക്കരുതെന്നും ഇതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും സുഗതകുമാരി പറഞ്ഞു. രമയുടെ കാര്യത്തില്‍ പരിഹാരം കാണുന്നതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും മുന്‍ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും ചര്‍ച്ച നടത്തുമെന്നും സുഗതകുമാരി പറഞ്ഞു. രമയുടെ ആരോഗ്യനിലയറിയാന്‍ സമരപന്തലില്‍ എത്തിയ അവര്‍ രമയെ പരിശോധിക്കാനെത്തിയ ഡി.എം.ഓയോടും സംസാരിച്ചു.