പി.എഫ് കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയാക്കി

single-img
5 February 2014

pfഎംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗമാണ് മിനിമം പെന്‍ഷന്‍ തുക കൂട്ടാന്‍ തീരുമാനിച്ചത്.പി എഫ് പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതിന്‍റെ പ്രയോജനം 27 ലക്ഷം പേര്‍ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം പി.എഫില്‍ ഉള്‍പ്പെടാനുള്ള ശമ്പള പരിധി 6500 രൂപയില്‍ നിന്ന് 15,000 രൂപയാക്കി വര്‍ധിപ്പിച്ചു. സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന അടിസ്ഥാന ശമ്പളവും ഡി.എയും ചേര്‍ന്ന തുക 15,000 രൂപ വരെ ഉള്ളവരും പുതിയ തീരുമാനത്തോടെ പി.എഫ് പെന്‍ഷന്റെ പരിധിയിലെത്തും.നിലവില്‍ 44 ലക്ഷം പി.എഫ് പെന്‍ഷന്‍കാരാണുള്ളത്. ഇതില്‍ അഞ്ച് ലക്ഷം വിധവകള്‍ ഉള്‍പ്പടെ 27 ലക്ഷം പേര്‍ക്കും പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയില്‍ താഴെയാണ് ലഭിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ ഇവരുടെ പെന്‍ഷന്‍ തുക കൂടും. മിനിമം പെന്‍ഷന്‍ 1000 രൂപയാക്കുന്നതിലൂടെ വരുന്ന അധികബാധ്യത നികത്തുന്നതിന് 2014-15 സാമ്പത്തിക വര്‍ഷം 1217 കോടി രൂപ നീക്കിവെക്കാമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചിരുന്നു.