ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ വീട്ടിനു മുന്നില്‍ ആം ആദ്മിയുടെ വന്‍ പ്രതിഷേധം

single-img
4 February 2014

ആം ആദ്മി അംഗങ്ങള്‍ക്ക് കൈക്കൂലി കൊടുത്തു പാര്‍ട്ടി പിളര്‍ത്താനും സര്‍ക്കാരിനെ താഴെയിറക്കാനും ശ്രമിച്ചു എന്നു ആരോപിച്ചു ആം ആദ്മി പ്രവര്‍ത്തകര്‍ ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ വീടിനു മുന്നില്‍  പ്രതിഷേധം നടത്തുന്നു. ആം ആദ്മി പാര്‍ട്ടി പിളര്‍ത്താനും കെജരിവാള്‍ സര്‍ക്കാരിനെ താഴെയിറക്കാനുമായി ബി ജെ പി തനിക്കു 20കോടി രൂപാ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി ഇന്നലെയാണ് ആം ആദ്മി പാര്‍ട്ടി എം എല്‍ എ മദന്‍ലാല്‍ രംഗത്ത്‌ വന്നത്.

ആം ആദ്മി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ നേരിടാന്‍ ബി ജെ പി പ്രവര്‍ത്തകരുടെ ഒരു സംഘവും ജെയ്റ്റ്ലിയുടെ വീടിനു മുന്നില്‍ തടിച്ചു കൂടിയിട്ടുണ്ട്.രണ്ടു കൂട്ടരും അങ്ങോട്ടുമിങ്ങോട്ടും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു പ്രതിഷേധിക്കുകയാണ്.

ആരോപണങ്ങള്‍ക്ക് ആം ആദ്മി തെളിവൊന്നും ഹാജരാക്കിയിട്ടില്ല.അരുണ്‍ ജെയ്റ്റ്ലി ആരോപണങ്ങളെ അപ്പാടെ നിഷേധിച്ചിട്ടുണ്ട്.

പത്തു ദിവസം മുന്പ് അരുണ്‍ ജെയ്റ്റ്ലിയുടെയും നരേന്ദ്ര മോഡിയുടെയും ആളുകള്‍ ആണെന്നവകാശപ്പെട്ട് കൊണ്ട് തന്നെ രണ്ടു പേര്‍ സമീപിച്ചുവെന്നും പാര്‍ട്ടി പിളര്‍ത്തി വേറെ പാര്‍ട്ടി രൂപീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നാണു മദന്‍ ലാല്‍ പറഞ്ഞത്.ഒന്‍പതു എം എല്‍ എമാര്‍ ഉണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാം എന്നും അധികാരത്തിലേറാന്‍ ബി ജെ പി പിന്തുണ നല്‍കാം എന്നുമായിരുന്നു അത്രേ വാഗ്ദാനം.