പാര്‍ട്ടി പിളര്‍ത്താന്‍ ബി ജെ പി 20 കോടി വാഗ്ദാനം ചെയ്തെന്നു ആം ആദ്മി എം എല്‍ എ മദന്‍ലാല്‍

single-img
3 February 2014

ആം ആദ്മി പാര്‍ട്ടി പിളര്‍ത്താനും കെജരിവാള്‍ സര്‍ക്കാരിനെ താഴെയിറക്കാനുമായി ബി ജെ പി തനിക്കു 20കോടി രൂപാ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി ആം ആദ്മി പാര്‍ട്ടി എം എല്‍ എ മദന്‍ലാല്‍ രംഗത്ത്‌.

മദന്‍ലാലും പുറത്താക്കപ്പെട്ട  ആം ആദ്മി എം എല്‍ എ വിനോദ്കുമാര്‍ ബിന്നിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.എന്നാല്‍ ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുമായി അടുപ്പമുള്ള ആളുകള്‍ തന്നെ സമീപിച്ചു പണം വാഗ്ദാനം ചെയ്തു എന്നാണു മദന്‍ലാലിന്റെ ആരോപണം.തന്റെ ആരോപണത്തിന് അദ്ദേഹം തെളിവൊന്നും ഹാജരാക്കിയിട്ടില്ല .

പത്തു ദിവസം മുന്പ് അരുണ്‍ ജെയ്റ്റ്ലിയുടെയും നരേന്ദ്ര മോഡിയുടെയും ആളുകള്‍ ആണെന്നവകാശപ്പെട്ട് കൊണ്ട് തന്നെ രണ്ടു പേര്‍ സമീപിച്ചുവെന്നും പാര്‍ട്ടി പിളര്‍ത്തി വേറെ പാര്‍ട്ടി രൂപീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നാണു മദന്‍ ലാല്‍ പറയുന്നത്.ഒന്‍പതു എം എല്‍ എമാര്‍ ഉണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാം എന്നും അധികാരത്തിലേറാന്‍ ബി ജെ പി പിന്തുണ നല്‍കാം എന്നുമായിരുന്നു അത്രേ വാഗ്ദാനം.അങ്ങനെ ചെയ്‌താല്‍ തന്നെ മുഖ്യമന്ത്രി ആക്കാം എന്നും 20 കോടി രൂപ നല്‍കാം എന്നും അവര്‍ വാഗ്ദാനം ചെയ്തു എന്നാണു മദന്‍ ലാല്‍ പറയുന്നത്.