രാജ്യത്തെ ആദ്യ മോണോറെയില്‍ സര്‍വീസ് മുംബൈയില്‍ ഉദ്ഘാടനം ചെയ്തു

single-img
1 February 2014

mumരാജ്യത്തെ ആദ്യ മോണോറെയില്‍ സര്‍വീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വീരാജ് ചവാൻ  മുംബൈയില്‍ ഉദ്ഘാടനം ചെയ്തു.പൊതുജനങ്ങള്‍ക്കായി ഞായറാഴ്ച മോണോറെയില്‍ സര്‍വീസ് തുറന്നുകൊടുക്കും.മുംബൈ മെട്രോപൊളിറ്റന്‍ റീജണ്‍ ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (എം.എം.ആര്‍.ഡി.എ.) പദ്ധതിയില്‍ വഡാല ഡിപ്പോ മുതല്‍ ചെമ്പൂര്‍ വരെ 8.93 കിലോമീറ്റര്‍ ദൂരമുള്ള ആദ്യഘട്ടമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഭക്തിപാര്‍ക്ക്, മൈസൂര്‍ കോളനി, ഭാരത് പെട്രോളിയം, ഫെര്‍ട്ടിലൈസര്‍ ടൗണ്‍ഷിപ്പ്, ആര്‍.സി. മാര്‍ഗ് ജങ്ഷന്‍ തുടങ്ങി അഞ്ച് സ്‌റ്റേഷനുകളാണ് ഇവയ്ക്കിടയിലുള്ളത്. ബസ്സില്‍ 40 മിനിറ്റെടുക്കുന്ന ഈ ദൂരം പിന്നിടാന്‍ മോണോറെയിലില്‍ 18 മിനിറ്റ് മതി.

അഞ്ചുരൂപ മുതല്‍ 11 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. തുടക്കത്തില്‍ കാലത്ത് ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ മാത്രമായിരിക്കും  മോണോറെയില്‍ന്റെ  സര്‍വീസ്. പിന്നീട് ഇത് ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയും മൂന്നാം ഘട്ടത്തില്‍ കാലത്ത് അഞ്ചുമുതല്‍ രാത്രി 12 മണിവരെയായും വര്‍ധിപ്പിക്കും. ആദ്യം 15 മിനിറ്റ് ഇടവേളകളിലും തുടര്‍ന്ന് ഒമ്പത് മിനിറ്റ് ഇടവേളകളിലും മോണോറെയില്‍ ഓടിക്കാനാണ് പരിപാടി. മലേഷ്യന്‍ കമ്പനിയായ സ്‌കോമി എന്‍ജിനീയറിങ്ങും ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയും ചേര്‍ന്നാണ് മുംബൈ മോണോറെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയത്.