സോളാര്‍ പാനലുകളില്‍ നിന്നുള്ള വൈദ്യുതി കെ.എസ്.ഇ.ബി. അടക്കമുള്ള ലൈസന്‍സികളുടെ ലൈനിലേക്ക് ബന്ധിപ്പിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി.

single-img
30 January 2014

ksebവൈദ്യുതി ഉപഭോക്താക്കള്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി. അടക്കമുള്ള ലൈസന്‍സികളുടെ ലൈനിലേക്ക് ബന്ധിപ്പിക്കാനും കടത്തിവിടാനും വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഇതിനായുള്ള കരടുചട്ടങ്ങള്‍ക്ക് റഗുലേറ്ററി കമ്മീഷന്‍ രൂപം നല്‍കി. ഈ പദ്ധതി നിലവില്‍ വന്നാല്‍ സോളാര്‍ പാനലിനു ബാറ്ററി വേണ്ടിവരില്ല.ഇതുപ്രകാരം ഏതെങ്കിലും സമയത്ത് ഉപഭോക്താക്കള്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗത്തെക്കാള്‍ കൂടുതലായാല്‍ അത് ലൈനുകളിലേക്ക് കടത്തിവിടുകയും പിന്നീട് ആവശ്യം വരുമ്പോള്‍ തിരികെ സ്വീകരിച്ച് ഉപയോഗിക്കാനും കഴിയും. ഓരോ ബില്ലിങ് കാലയളവിലും ഉല്പാദിപ്പിക്കുന്ന വൈദ്യുതി കൂടുതലാണെങ്കില്‍ ആയത് അടുത്ത ബില്ലിങ് കാലയളവിലേക്ക് കരുതിവെയ്ക്കാന്‍ കഴിയും. ഉല്പാദനത്തെക്കാള്‍ കൂടുതലാണ് ഉപയോഗമെങ്കില്‍ കൂടുതല്‍ ഉപയോഗിച്ച വൈദ്യുതിക്ക് കാശ് ഈടാക്കും. ഇപ്രകാരമുള്ള ഉല്പാദനവും ഉപയോഗവും സംബന്ധിച്ച കണക്കുകള്‍ എല്ലാവര്‍ഷവും സപ്തംബര്‍ 30ന് തട്ടിക്കിഴിക്കും. ഏതെങ്കിലും വര്‍ഷം മൊത്തം ഉല്പാദനം ഉപയോഗത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക വൈദ്യുതിക്ക് ശരാശരി വില ലഭിക്കാന്‍ ഉപഭോക്താവിന് അര്‍ഹതയുണ്ടായിരിക്കുമെന്നും റഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി.കരടുചട്ടങ്ങള്‍ റഗുലേറ്ററി കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.