പോപ്പുലര്‍ ഫ്രണ്ട്കാരുടെ അക്രമം :പിന്നില്‍ മുസ്ലീം ലീഗെന്നു പിണറായി വിജയന്‍

single-img
30 January 2014

 തിരൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം ലീഗിന്റെ തീവ്രവാദ ബന്ധം തെളിയിക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.പോലീസ് ഇടപെടാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നും ഉപതിരഞ്ഞെടുപ്പില്‍ ലീഗ് തോറ്റതിന് പോപ്പുലര്‍ ഫ്രണ്ട് എന്തിനാണ് ആക്രമണം നടത്തുന്നതെന്നും പിണറായി ചോദിച്ചു.

സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അക്രമത്തിന് പിന്നില്‍ ലീഗ് പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ടെന്നാണെന്ന് ടികെ ഹംസ  പ്രതികരിച്ചു. ലീഗിന്റെ സഹായത്തോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സംഭവവുമായി  ലീഗിന് ഒരു ബന്ധവുമില്ലെന്ന് കെ.എം ഷാജി എം എല്‍ എ പറഞ്ഞു.

ലീഗ്‌സിപിഐഎം സംഘര്‍ഷമാണ് നടന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു . പോപ്പുലര്‍ ഫ്രണ്ടിനെ താറടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും നിര്‍വ്വാഹക സമിതി അംഗം കെ മുഹമ്മദലി പ്രതികരിച്ചു.

അതേസമയം വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

അവരുടെ വീടുകളില്‍ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. കേസില്‍ ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പ്രതികരിച്ചു.