തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ -കെ എസ് യൂ സംഘര്‍ഷം : രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

single-img
27 January 2014

ശ്രീകാര്യം : തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ -കെ എസ് യൂ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ഒരു എസ് എഫ് ഐ പ്രവര്‍ത്തകനും ഒരു കെ എസ് യൂ പ്രവര്‍ത്തകനും ആണ് പരിക്കേറ്റത്.എസ് എഫ് ഐ പ്രവര്‍ത്തകനായ ഒന്നാം രണ്ടാ വര്‍ഷ വിദ്യാര്‍ഥി നിതിന്‍ ,കെ എസ് യൂ പ്രവര്‍ത്തകനും മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ദിലീപ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി വിനീഷിനെ കുറച്ചു യൂത്ത്കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചിരുന്നു.അതിനു പിന്നില്‍ കെ എസ് യൂ ആണെന്നാരോപിച്ചു എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗവും മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.ഇന്നത്തെ സംഭവത്തില്‍ ഇരുകൂട്ടരും പരസ്പരം പഴിചാരുന്നുണ്ട്.

എന്നാല്‍ 2013-14 അധ്യയനവര്‍ഷത്തില്‍ കോളേജില്‍ ഇലക്ഷന്‍ നടത്താതെ നിലവിലുള്ള കെ എസ് യൂ ഭൂരിപക്ഷമുള്ള യൂണിയന്‍ തന്നെ തുടരുന്നതില്‍ പ്രതിഷേധിച്ചു എസ് എഫ് ഐ നിരന്തരമായി സമരങ്ങള്‍ നടത്തിയിരുന്നു.കോളേജില്‍ നിലവിലുള്ള യൂണിയന്‍ സാധുവല്ല എന്ന് കാണിച്ചു യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ കോളേജ് പ്രിന്‍സിപ്പാളിന് കത്തയച്ചിരുന്നു.അത് വകവെയ്ക്കാതെ പ്രിന്‍സിപ്പാള്‍ പക്ഷഭേദം കാണിക്കുന്നു എന്നാരോപിച്ച് എസ് എഫ് ഐക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

പ്രസ്തുത വിഷയത്തില്‍ ഹൈക്കോടതിവിധി ഈയാഴ്ച വരാനിരിക്കെ ആണ് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്.കോടതിവിധിയെ ഭയപ്പെടുന്ന കെ എസ് യൂ പ്രവര്‍ത്തകര്‍ ഇലക്ഷന്‍ നടക്കാതിരിക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന പ്രകൊപനങ്ങളുടെ ഭാഗമാണ് സംഘര്‍ഷങ്ങള്‍ എന്ന് എസ് എഫ് ഐ ആരോപിക്കുന്നു. എന്നാല്‍ എസ് എഫ് ഐക്കാര്‍ ആണ് പ്രകൊപനരഹിതമായി ആക്രമണങ്ങള്‍ നടത്തുന്നത് എന്ന് കെ എസ് യൂ പ്രവര്‍ത്തകര്‍ പറയുന്നു.