വിനോദ്കുമാര്‍ ബിന്നി തന്റെ ‘അഞ്ചുമണിക്കൂര്‍ ‘ നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചു

single-img
27 January 2014

ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എം എല്‍ എ ആം ആദ്മി സര്‍ക്കാരിനെതിരെ വിനോദ് കുമാര്‍ ബിന്നി ജന്തര്‍ മന്ദറില്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു.വെറും അഞ്ചു മണിക്കൂര്‍ മാത്രമാണ് നിരാഹാരസമരം നീണ്ടു നിന്നത് . ദല്‍ഹിഹി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്നും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ആരോപിച്ചായിരുന്നു ഇന്ന് രാവിലെ മുതല്‍ ബിന്നി സമരം ആരംഭിച്ചത്.

വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാരിന് 10 ദിവസം കൂടി അനുവദിക്കുകയാണെന്ന് ബിന്നി അറിയിച്ചു.സമരത്തിന് മുമ്പായി ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട ബിന്നി സര്‍ക്കാരിനെതിരായ പരാതികള്‍ ഉന്നയിച്ചു. വംശീയ അധിക്ഷേപം നടത്തിയ സോംനാഥ് ഭാരതിക്കെതിരെ നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ബിന്നി കൂടിക്കാഴ്ചയ്ക്കു ശേഷം വ്യക്തമാക്കി.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ബിന്നിയെ പുറത്താക്കിയത്. മന്ത്രിസ്ഥാനം നല്‍കാത്തതിനെത്തുടര്‍ന്നാണ് വിനോദ് കുമാര്‍ ബിന്നി ആം ആദ്മി സര്‍ക്കാരിനെതിരെ ആദ്യം രംഗത്തുവന്നത്. ഈ വിഷയത്തില്‍ അനുനയിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ബിന്നി വീണ്ടും പാര്‍ട്ടിക്കെതിരെയും കെജ്‌രിവാളിനെയും രംഗത്തുവന്നു. തുടര്‍ന്നാണ് ബിന്നിയെ എഎപി പുറത്താക്കിയത്.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ആം ആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച ബിന്നി വാഗ്ദാനങ്ങള്‍ പാലിച്ചോ എന്നറിയാന്‍ ജനഹിത പരിശോധന നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. കെജ് രിവാള്‍ ഏകാധിപതിയാണെന്നും ബിന്നി ആരോപിച്ചിരുന്നു.അതേസമയം പാര്‍ട്ടിക്കെതിരെയും കെജ് രിവാളിനെതിരെയും തിരിഞ്ഞ ബിന്നി ബിജെപിക്കാരെപ്പോലെ പെരുമാറുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ബിന്നി അധികാരമോഹിയാണെന്നും പാര്‍ട്ടി ആരോപിച്ചു.എന്നാല്‍ രാഷ്ട്രീയം കളിച്ച് ഭരണം നിലനിര്‍ത്തുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. അതേസമയം ബിന്നിയെ അനുകൂലിച്ച് ബിജെപി രംഗത്തെത്തി. ബിന്നി ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകള്‍ ഏറെ പ്രസക്തമാണെന്ന് ബിജെപി വ്യക്തമാക്കി.

അതെ സമയം വിനോദ് കുമാര്‍ ബിന്നിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതോടെ ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നു. ബിന്നിയെ പുറത്താക്കിയതോടെ കേവല ഭൂരിപക്ഷമായ 36 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്.