പട്ടേലിന്റെ പ്രതിമയെക്കാളുയരത്തില്‍ ഡോ . അംബേദ്‌കറുടെ പ്രതിമ വേണമെന്ന ആവശ്യവുമായി ഗുജറാത്തിലെ ദളിത്‌ സംഘടനകള്‍

single-img
27 January 2014

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാന്‍ മോഡി ഇറങ്ങവേ ഗുജറാത്തില്‍ പുതിയ വിവാദം. പട്ടേലിന്റെ പ്രതിമയെക്കാള്‍ ഉയരത്തില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്‌കറിന്റെ പ്രതിമ വേണം എന്ന ആവശ്യമുന്നയിച്ചു ഗുജറാത്തിലെ ദളിത്‌ സംഘടനകള്‍ മുന്നോട്ട് വന്നിരിക്കുന്നു.

ലോകത്തില്‍ ഏറ്റവും ഉയരമുള്ള പ്രതിമ ഗുജറാത്തില്‍ സ്ഥാപിക്കാന്‍ വേണ്ടി മോഡിയും ബി ജെ പിയും പ്രചാരണം തുടങ്ങിയിട്ട് നാളുകളായി.കോണ്ഗ്രസ്സിന്റെ നേതാവും ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഗുജറാത്തില്‍ നിന്നുള്ള ആളായിരുന്നു. ഇതാണ് മോഡിയെയും കൂട്ടരെയും ഇത്തരമൊരു ആശയത്തിന് പ്രേരിപ്പിച്ചത്.2500 കോടി രൂപയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ഈ പ്രതിമയ്ക്ക് അമേരിക്കയിലെ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമുണ്ടാകും എന്നാണു പ്രഖ്യാപനം.

റിപ്പബ്ലിക് ദിനത്തില്‍ അഹമ്മദാബാദിനടുത്തുള്ള ഭട്ട് ഗ്രാമത്തില്‍ ഒത്തുകൂടിയ അംബേദ്കരുടെ പേരമകന്‍ പ്രകാശ് അടക്കമുള്ളവരുടെ യോഗത്തില്‍ ആണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയെക്കാള്‍ ഉയരത്തില്‍ ഭരണഘടനാശില്‍പ്പിയുടെ പ്രതിമ വേണം എന്ന ആവശ്യമുയര്‍ത്താന്‍ തീരുമാനമായത്.ഇതിനു വേണ്ടി മോഡിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആണ് തീരുമാനം.

“നമ്മുടെ ഭരണഘടന ആണോ മതം ആണോ പ്രധാനം എന്ന ഒരു ചര്‍ച്ച ഉയര്‍ന്നു വരുമ്പോള്‍ ആണ് അംബേദ്‌കറിന്റെ പ്രാധാന്യവും അത്തരമൊരു പ്രതിമയുടെ ആവശ്യവും പ്രസക്തമാകുക. ബാബാ സാഹെബ് അംബേദ്‌കര്‍ രാഷ്ട്രത്തിന് സംഭാവന ചെയ്തത് എന്ത് എന്ന കാര്യത്തില്‍ യുവാക്കള്‍ക്ക് ഒരു അകക്കാഴ്ച ഉണ്ടാക്കാന്‍ ഒരു ഐക്കണ്‍ ആയി അദ്ദേഹത്തിന്റെ പ്രതിമ നിലകൊള്ളണം.” പ്രകാശ് അംബേദ്‌കര്‍ പറഞ്ഞു.

ഗുജറാത്തിലെ ജനസംഖ്യയില്‍ 17 % ദളിതരാണ്.ഈ ചര്‍ച്ച ഗുജറാത്തിനു പുറത്തേയ്ക്ക് നീളുമ്പോള്‍ മോഡി പുതിയൊരു രാഷ്ട്രീയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കേണ്ടി വരുക.അംബേദ്‌കരുടെ പ്രതിമയില്‍ ചെരുപ്പുമാല അണിയിച്ച ചരിത്രമുള്ള സംഘപരിവാര്‍ സംഘടനകള്‍ ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും എന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്.