ടിപി വധം: സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരൻ

single-img
25 January 2014

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കാണിച്ച കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു.ടി.പിയുടെ വിധവ കെ.കെ രമയെ നിരാഹാര സത്യഗ്രഹത്തിലേക്ക് തള്ളിവിടരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.കേസിലെ കൊലയാളികള്‍ മാത്രമെ പിടിയിലായിട്ടുള്ളൂ. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെങ്കില്‍ സി.ബി.ഐ അന്വേഷണം കൂടിയേ തീരു.

കേസിലെ 24 പ്രതികളെ വെറുതെ വിട്ട കോടതിയുടെ നടപടി ഗൗരവമായി കാണണം. സി.ബി.ഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഇനിയും വൈകിയാല്‍ അത് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കേസിലെ ഉന്നതതല ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി മൂന്നു മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം കെ.കെ രമ പ്രഖ്യാപിച്ചിരുന്നു