മഹാരാഷ്ട്രയില്‍ 82000 രൂപാ ശമ്പളമുള്ള ഐ എ എസ് ഉദ്യോഗസ്ഥന് 200 കോടി രൂപയുടെ സ്വത്ത്‌

single-img
23 January 2014

പൂനെ : മഹാരാഷ്ട്രയിലെ ഒരു സീനിയര്‍ ഐ എ എസ് ഓഫീസര്‍ അന്യായമായി 200 കോടി രൂപയുടെ സ്വത്തു സമ്പാദിച്ചതായി ആരോപണം.സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറി ആണ് ഇത്രയും സ്വത്തു സമ്പാദിക്കാന്‍ സാധിച്ചത്.

പൂനെ സിറ്റിയിലെ ഏറ്റവും ഉയര്‍ന്ന സിവില്‍ ഉദ്യോഗസ്ഥനായ ഡിവിഷണല്‍ കമ്മിഷണര്‍ പ്രഭാകര്‍ ദേശ്മുഖ് ആണ് ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍.തന്റെ അധികാര പരിധിയില്‍ ഉള്ള അഞ്ചു ജില്ലകളിലായി ഏതാണ്ട് 150 ഏക്കറോളം സ്ഥലം അനധികൃതമായി കൈവശപ്പെടുത്തി എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം.

എന്‍ ഡി ടി വി നടത്തിയ ഒരു അന്വേഷണത്തില്‍ സതാര ജില്ലയിലെ ഒരു ഗ്രാമത്തില്‍ ദേശ്മുഖും പ്രമുഖ ബില്‍ഡറായ രമേശ്‌ കവേദിയയുമായി ചേര്‍ന്ന് മുന്നൂറു ഏക്കര്‍ സര്‍ക്കാര്‍ ഭൂമി രണ്ടു കോടി രൂപയ്ക്ക് വാങ്ങിയതായി കണ്ടെത്തി.എന്നാല്‍ ഈ സ്ഥലത്തിന് അന്ന് തന്നെ ഏറ്റവും കുറഞ്ഞത്‌ ആറു കോടി രൂപ വിലമതിപ്പ് ഉണ്ടായിരുന്നു. ഔദ്യോഗിക രേഖകളില്‍ പുനരധിവാസത്തിന് വേണ്ടി റിസര്‍വ് ചെയ്ത സ്ഥലം എന്നായിരുന്നു ഈ സ്ഥലത്തിനെ രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്ഷം അവസാനം ഈ ഭൂമി കാര്‍ഷിക യോഗ്യമല്ലാത്ത വിഭാഗത്തില്‍ പെടുത്തി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിരുന്നു. വിവിധ വകുപ്പുകളുടെ എതിര്‍പ്പുകളെ മറികടന്നായിരുന്നു ഈ തീരുമാനം.ഇത് ഈ ഭൂമിയുടെ വില 127 കോടി രൂപയായി കുതിച്ചുയരാന്‍ കാരണമാക്കി. റിയാല്‍ എസ്റ്റേറ്റ്‌ മാഫിയയ്ക്ക് ഈ സ്ഥലം ഉപയുക്തമാകും എന്നത് കൊണ്ടാണിത്.

എന്നാല്‍ ആരോപണങ്ങളെ ദേശ്മുഖും കവേദിയും നിഷേധിച്ചു. തന്നെ ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ചിലരാണ് ആരോപണത്തിന് പിന്നിലെന്ന് ദേശ്മുഖ് പറഞ്ഞു.

2011-ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഐ എ എസ് ഉദ്യോഗസ്ഥര്‍ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് ദേശ്മുഖ് തനിക്കു 95 ഏക്കര്‍ ഭൂമിയും പൂനെയിലും മുംബായിലുമായി ആറുകോടി രൂപാ വിലവരുന്ന രണ്ടു ഫ്ലാറ്റുകളും സ്വന്തമായി ഉള്ളതായി വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ഇദ്ദേഹത്തിന്റെ മാസശമ്പളം 82000 രൂപാ മാത്രമാണ്.

ദേശ്മുഖിന്റെ അനധികൃത സ്വത്തുവകകളെക്കുറിച്ചു അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകന്‍ വിജയ്‌ കുംഭാര്‍ മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.