രാഷ്ട്രപതി ദയാഹര്‍ജ്ജി തള്ളിയ പതിനഞ്ച് പേരുടെ വധശിക്ഷ സുപ്രീം കോടതി ഇളവു ചെയ്തു ജീവപര്യന്തമാക്കി:

single-img
21 January 2014

supreme courtരാഷ്ട്രപതി ദയാഹര്‍ജ്ജി തള്ളിയ  15 പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവു ചെയ്തു. വീരപ്പന്റെ 4 കൂട്ടാളികളുടേതടക്കം പതിനഞ്ചു പേരുടെ ശിക്ഷയാണ് ഇളവു ചെയ്തിരിക്കുന്നത്.ദയാ ഹര്‍ജ്ജി തള്ളിയതിനു ശേഷം ധശിക്ഷ നടപ്പാക്കുന്നതില്‍ വന്ന കാലതാമസവും പ്രതികളില്‍ ചിലര്‍ക്ക് മാനസിക രോഗമുണ്ട്‌ എന്നതും പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.ഈ വിധി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷയും ഇളവു ചെയ്യാന്‍ കാരണമായേക്കാം.

ദയാഹര്‍ജി തീര്‍പ്പാക്കുന്നത് വൈകിയാല്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യാമെന്നും  സുപ്രീംകോടതിയുടെ റൂളിംഗ് . ഒരു പ്രതിയുടെ ദയാഹർജി തള്ളിയാൽ 14 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടു.അതുപോലെ ദയാഹര്‍ജ്ജി തള്ളിയാല്‍ ആ വിവരം പ്രതിയുടെ ബന്ധുക്കളെ രേഖാമൂലം അറിയിക്കണമെന്നും കോടതി.

വധശിക്ഷയ്ക്ക് വിധിച്ചവരെ ഏകാന്തതടവിനിടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു .വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്ക് പാര്‍പ്പിക്കാന്‍ പാടില്ല. ഇത് മൗലികാവകാശത്തിന്റെ ലക്ഷമാണ്. അതിനാല്‍ ദയാഹര്‍ജി തള്ളിയതിന് ശേഷം മാത്രമേ പ്രതിയെ ഒറ്റയ്‌ക്കൊരു സെല്ലില്‍ പാര്‍പ്പിക്കാന്‍ പാടുള്ളൂ. ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വന്നാല്‍ സമയബന്ധിതമായി അതില്‍ തീരുമാനമെടുക്കണം. അനിശ്ചിതമായി വൈകിക്കുന്നത് ജീവിക്കാനുള്ള പൗരന്റെ അവകാശം ഉറപ്പാക്കുന്ന ഭരണഘടനയുടെ 23 -ആം അനുഛേദത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബഞ്ച് ഓര്‍മ്മിപ്പിച്ചു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ജയിലില്‍ നിയമസഹായം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അതിന്റെ ചുമതല ജയില്‍ സൂപ്രണ്ടിനായിരിക്കുമെന്നും കോടതി പറഞ്ഞു. ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ ഉത്തരവ്.

കുഴിബോംബ് സ്ഫോടനത്തില്‍ 22 പേരെ കൊലപ്പെടുത്തിയ കേസിലാണ് വീരപ്പന്റെ കൂട്ടാളികളായ സൈമണ്‍,ജ്ഞാനപ്രകാശ്,മാദയ്യ,ബിലവേന്ദ്ര എന്നിവരെ വധശിക്ഷയ്ക്കു വിധിച്ചിരുന്നത്.ഇവരുടെ ദയാഹര്‍ജ്ജി രാഷ്ട്രപതി തള്ളിയിരുന്നു.ഇനി രാജീവ്‌ ഗാന്ധി വധക്കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന പെരറിവാളന്‍,മുരുകന്‍,ശാന്തന്‍ എന്നിവരുടെ കാര്യത്തിലും ഈ വിധി ബാധമാകാന്‍ സാധ്യതയുണ്ട്.ഇവര്‍ പതിനൊന്നു വര്ഷം മുന്‍പാണ് രാഷ്ട്രപതിയുടെ മുന്‍പാകെ ദയാഹര്‍ജി സമര്‍പ്പിച്ചത്.