അമേരിക്കയുടെ എന്‍ എസ് എ ഒരു ദിവസം ചോര്‍ത്തുന്നത്‌ രണ്ടായിരം കോടി എസ് എം എസുകള്‍

single-img
17 January 2014

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ലോകമൊട്ടാകെ ഉള്ള രണ്ടായിരം കോടി എസ് എം എസുകള്‍ ഒരു ദിവസം ചോര്‍ത്തുന്നുണ്ടെന്നു വെളിപ്പെടുത്തല്‍ .ഈ ടെക്സ്റ്റ് മെസേജുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ലൊക്കേഷന്‍,കോണ്ടാക്റ്റ് നെറ്റ്‌വര്‍ക്ക് പോലെയുള്ള വിവരങ്ങള്‍ മുതല്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ വരെ ചോര്‍ത്തുന്നുണ്ട് എന്നാണു വിവരം.

ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഗാര്‍ഡിയന്‍ എന്ന പത്രവും ചാനല്‍ 4 എന്ന ന്യൂസ് ചാനലും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ . അന്വേഷണത്തിനാവശ്യമായ വിവരങ്ങള്‍ നല്‍കിയത് മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥന്‍ ആയിരുന്ന എഡ്വേര്‍ഡ് സ്നോഡന്‍ ആണ്.

പ്രത്യേകിച്ചു ആരെയും ലക്‌ഷ്യം വെയ്ക്കാതെ നടത്തുന്ന ഈ വിവര ശേഖരണത്തില്‍ എല്ലാ സാധാരണ മനുഷ്യരും ഉള്‍പ്പെടും.അവരുടെ യാത്രാ പരിപാടികള്‍ , കൊണ്ടാക്ടുകള്‍ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്തിട്ടുണ്ട്.  2011 -ല്‍ ദേശീയ സുരക്ഷാ ഏജന്‍സി സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിന്റെ തലക്കെട്ട് തന്നെ  “SMS Text Messages: A Goldmine to Exploit” എന്നാണു എന്നും ഗാര്‍ഡിയന്‍ പുറത്തു വിട്ട വാര്‍ത്തയില്‍ പറയുന്നു.