ചീഫ് വിപ്പ് പി. സി. ജോര്‍ജിന്റെ സ്റ്റാഫംഗത്തിന്റെ മകന്‍ നടുറോഡില്‍ ഗൃഹനാഥനെ മര്‍ദിക്കുകയും ഭാര്യയെയും കുട്ടിയെയും പിടിച്ചുതള്ളി അസഭ്യം വിളിക്കുകയും ചെയെ്തന്ന കേസില്‍ പോലീസിന്റെ ഒളിച്ച്കളി

single-img
17 January 2014

ഗവ. ചീഫ് വിപ്പ് പി. സി. ജോര്‍ജിന്റെ സ്റ്റാഫംഗത്തിന്റെ മകന്‍ ബില്‍ജിന്‍ കെ. തോമസ് നടുറോഡില്‍ ഗൃഹനാഥനെ മര്‍ദിക്കുകയും ഭാര്യയെയും കുട്ടിയെയും പിടിച്ചുതള്ളി അസഭ്യം വിളിക്കുകയും ചെയെ്തന്ന കേസില്‍ മൊഴി കൃത്യമായി രേഖപ്പെടുത്താത്തതിന് മ്യൂസിയം പോലീസിനെതിരെ പരാതി. മര്‍ദനമേറ്റ യുവാവിന്റെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ലെന്നു മാത്രമല്ല യുവതി മൊഴിനല്‍കാന്‍ ചെന്നപ്പോള്‍ അതു രേഖപ്പെടുത്താന്‍ മ്യൂസിയം പോലീസ് തയാറായതുമില്ല. മര്‍ദനമേറ്റ വഴുതക്കാട് സ്വദേശിയും മലയാളത്തിലെ രാജ് ന്യൂസ് ടി.വി ഉദ്യോഗസ്ഥനുമായ സന്ദേശ് വി. നായരും ഭാര്യ ദിവ്യയും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇതേക്കുറിച്ച് വ്യാഴാഴ്ച പരാതി നല്‍കി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വഴുതക്കാട് ജങ്ഷനില്‍ നടുറോഡില്‍ ചീത്തവിളിയും മര്‍ദനവും നടന്നത്. ഔഡി കാറില്‍ സഞ്ചരിച്ച ബില്‍ജിന് മുന്നില്‍ പോയ നാനോ കാറില്‍ സഞ്ചരിച്ച സന്ദേശ് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. ട്രാഫിക് സിഗ്‌നലില്‍ ചുവന്ന ലൈറ്റ് തെളിഞ്ഞിരുന്നതിനാലാണ് സൈഡ് കൊടുക്കാന്‍ കഴിയാതിരുന്നതെന്നാണ് സന്ദേശിന്റെ വിശദീകരണം. സന്ദേശിനെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് തന്നെയും കുട്ടിയെയും പിടിച്ചുതള്ളിയതെന്ന് ദിവ്യ പോലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍ അത് രേഖപ്പെടുത്തിയില്ല. ബഹളത്തിനിടെ കാറില്‍ കയറി പോകാന്‍ ശ്രമിച്ച ബില്‍ജിനെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. വ്യാഴാഴ്ച സന്ദേശ് അഭിഭാഷകനൊപ്പം മൊഴിപ്പകര്‍പ്പു വാങ്ങിക്കാന്‍ പോയപ്പോഴാണ് പോലീസിന്റെ കള്ളക്കളി പുറത്തായതെന്ന് ദിവ്യ പറഞ്ഞു. താന്‍ പറഞ്ഞ പല കാര്യങ്ങളും പോലീസ് രേഖപ്പെടുത്തിയില്ലെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിശദ പരാതി നല്‍കിയത്. കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. കന്‍േറാണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കാന്‍ കമ്മീഷണര്‍ ഓഫീസില്‍ സന്ദേശ് കാത്തിരിക്കുന്നതിനിടെ മ്യൂസിയം എ.എസ്.ഐ വിളിച്ച് സംഭവസ്ഥലം കാണിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടതായി ദിവ്യ പറഞ്ഞു. അതേസമയം സംഭവം നടന്ന സമയം മുതല്‍ കേസ് അട്ടിമറിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമം നടന്നതായി ആരോപണമുണ്ട്. സ്റ്റേഷനില്‍ പ്രതിയുടെ ഫോട്ടോ എടുക്കാന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ ചെന്നപ്പോള്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കരുതെന്ന് ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അതിനുശേഷം പ്രതിയുടെ പേരും വിലാസവും ചോദിച്ചപ്പോഴും മറുപടി നല്‍കിയില്ല. കാറിന്റെ ചില്ലില്‍ കറുത്ത ഫിലിം ഒട്ടിച്ചിട്ട് പിഴ ചുമത്താതെ വിട്ടയച്ചതായും പരാതിയില്‍ പറയുന്നു.