രാജ്യത്ത് പച്ചകറി വില കുറഞ്ഞതോടെ പണപ്പെരുപ്പം ഡിസംബറില്‍ അഞ്ച് മാസത്തെ താഴ്ന്ന നിലയിലെത്തി

single-img
16 January 2014

vegരാജ്യത്ത്  പച്ചകറി  വില കുറഞ്ഞതോടെ പണപ്പെരുപ്പം ഡിസംബറില്‍ അഞ്ച് മാസത്തെ താഴ്ന്ന നിലയിലെത്തി. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.16 ശതമാനമായാണ് താഴ്ന്നത്. ജൂലായ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. നവംബറില്‍ 7.52 ശതമാനമായിരുന്നു പണപ്പരുപ്പം. ഒക്ടോബറിലെ നിരക്ക് ഏഴു ശതമാനത്തില്‍ നിന്ന് 7.24 ശതമാനമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പവും കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. പച്ചക്കറി, ധാന്യം എന്നിവ ഉള്‍പ്പെടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ധനയിലുണ്ടായ ഇടിവാണ് ഡിസംബറില്‍ മൊത്ത വില സൂചിക താഴാന്‍ സഹായിച്ചത്. ഭക്ഷ്യവിലപ്പെരുപ്പം 13.68 ശതമാനമായി താഴ്ന്നു. നവംബറില്‍ ഇത് 19.93 ശതമാനമായിരുന്നു. പച്ചക്കറിയുടെ വിലക്കയറ്റം 57.33 ശതമാനമായി താഴ്ന്നിട്ടുണ്ട്. നവംബറില്‍ ഇത് 95.25 ശതമാനമായിരുന്നു. സവാളയുടെ വിലക്കയറ്റം 190.34 ശതമാനത്തില്‍ നിന്ന് 39.56 ശതമാനമായി കുറഞ്ഞു. അതേസമയം, ഉരുളക്കിഴങ്ങിന്റെ വിലക്കയറ്റം 54.65 ശതമാനമായി വര്‍ധിച്ചു. പഴവര്‍ഗങ്ങളുടേയും മുട്ട, ഇറച്ചി, മീന്‍ തുടങ്ങിയ പോഷകാഹാരങ്ങളുടേയും വിലക്കയറ്റം യഥാക്രമം 9.70 ശതമാനവും 11.40 ശതമാനവുമാണ്.