ആഡംബരകാറിലെത്തിയയാള്‍ നാനോ കാറിലെത്തിയ കുടുംബത്തെ നടുറോഡിലിട്ട്‌ മര്‍ദിച്ചു.

single-img
16 January 2014

തിരുവനന്തപുരം വഴുതക്കാട്‌ ജംഗ്‌ഷനില്‍ ആഡംബരകാറിലെത്തിയയാള്‍ നാനോ കാറിലെത്തിയ കുടുംബത്തെ നടുറോഡിലിട്ട്‌ മര്‍ദിച്ചു. ഇയാളുടെ ആഡംബരകാറിന്‌ സൈഡ്‌ നല്‍കിയില്ലെന്ന്‌ ആരോപിച്ചാണ്‌ മര്‍ദനം. വഴുതക്കാട്‌ നീന വില്ലയില്‍ സന്ദേശ്‌ ജി. നായര്‍ക്കാണ്‌ ഭാര്യയും കുട്ടിയുമായി യാത്ര ചെയ്യുമ്പോള്‍ മര്‍ദനമേറ്റത്‌. ബേക്കറിയില്‍നിന്ന്‌ വഴുതക്കാടിലേക്ക്‌ വരുന്ന സിഗ്നലിനു മുന്നില്‍വച്ചാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം.
സിഗ്നല്‍ വീഴുംമുമ്പേ നാനോ കാറിനുപിന്നില്‍നിന്ന്‌ ഇയാള്‍ ഹോണ്‍ മുഴക്കിതുടങ്ങി. സിഗ്നല്‍ ആകാത്തതിനാല്‍ നാനോ കാറിനു മുന്നോട്ടെടുക്കാന്‍ ആയില്ല. ഇതില്‍ പ്രകോപിതനായ ഇയാള്‍ നാനോയ്‌ക്കു പിന്നില്‍ ഉരസി ശക്‌തമായി ഹോണ്‍ മുഴക്കി ആക്രോശിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇയാള്‍ നാനോകാറിനെ പിന്‍തുടര്‍ന്ന്‌ ശ്രീമൂലം ക്ലബിനു മുന്നിലെത്തി വട്ടം നിര്‍ത്തുകയായിരുന്നു. പിന്നെ അസഭ്യം പറഞ്ഞു കാറില്‍നിന്നിറങ്ങിയ ഇയാള്‍ നാനോ ഓടിച്ചിരുന്ന സന്ദേശിനെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. നാനോയില്‍ ഉണ്ടായിരുന്ന സന്ദേശിന്റെ ഭാര്യയും കുട്ടിയും സംഭവംകണ്ട്‌ അലമുറയിട്ടു. നിലവിളികേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ തടഞ്ഞുവയ്‌ക്കുകയായിരുന്നു.
നാട്ടുകാരോട്‌ ഇയാള്‍ തട്ടിക്കയറി, താന്‍ ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജിന്റെ മകനെന്നാണ്‌ ഇയാള്‍ ആദ്യം പറഞ്ഞത്‌. പോലീസെത്തിയപ്പോള്‍ പോലീസിനെയും ഇയാള്‍ വിരട്ടി. പോലീസ്‌ ചോദ്യം ചെയ്യലില്‍ പി.സി.ജോര്‍ജിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ മകനെന്ന്‌ ഇയാള്‍ തിരുത്തി പറഞ്ഞു. പി.സി. ജോര്‍ജിന്റെ മകനാണെന്ന്‌ തെറ്റിദ്ധരിച്ച്‌ മേയറും കൗണ്‍സിലറും നാട്ടുകാരും സ്‌ഥലത്ത്‌ ഓടിക്കൂടി. ഇയാളുടെ കാറില്‍നിന്ന്‌ മദ്യക്കുപ്പികള്‍ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. ഇയാള്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഇയാളെ മ്യൂസിയം പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ കേസെടുത്തു. ഇയാള്‍ ഓടിച്ചിരുന്ന കാറും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.