ജോണ്‍ അരവിന്ദാക്ഷനെ പുറത്താക്കി; അരവിന്ദാക്ഷന്‍ അജീറിനെയും; സി.എം.പിയിലെ പിളര്‍പ്പ് അങ്ങനെ പൂര്‍ത്തിയായി

single-img
10 January 2014

CMPസി.പി.ജോണ്‍ വിഭാഗം തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് കെ.ആര്‍.അരവിന്ദാക്ഷന്‍ അടക്കം അഞ്ച് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അതേസമയം കെ.ആര്‍.അരവിന്ദാക്ഷന്‍ വിഭാഗം തൃശൂരില്‍ യോഗം ചേര്‍ന്ന് പോളിറ്റ് ബ്യൂറോ അംഗം സി.എ.അജീറിനെ പുറത്താക്കി. അതോടെ സിഎംപിയില്‍ പിളര്‍പ്പ് പൂര്‍ത്തിയായി.

എം.വി.രാഘവന്‍ തന്നെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും യുഡിഎഫ് വിട്ടുപോകാന്‍ പാര്‍ട്ടി ഉദ്ദേശിച്ചിട്ടില്ലെന്നും ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതുപോലെ യുഡിഎഫില്‍ തുടരാന്‍ തന്നെയാണ് അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെയും തീരുമാനം. ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നു യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ് വിടുമെന്ന് മറുപക്ഷം നടത്തുന്നത് വെറും നുണപ്രചാരണമാണെന്ന് അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ വക്താവായ സംസ്ഥാന സെക്രട്ടറി എം.കെ. കണ്ണന്‍ പറഞ്ഞു.

എം.വി. രാഘവന്റെ ബദല്‍ രേഖയെച്ചൊല്ലി സിപിഎം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് രാഘവന്റെ നേതൃത്വത്തില്‍ സിഎംപി രൂപീകൃതമായത്.