പാകിസ്ഥാനിലെ ധീരരക്തസാക്ഷി; എയ്താസ് ഹസന്‍ രക്ഷിച്ചത് തന്റെ നുറുകണക്കിന് സഹപാഠികളെ

single-img
10 January 2014

Aithasപെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നിലപാടിനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ ഭീകരരുടെ തോക്കിനിരയായി തലനാരിഴയ്ക്കു രക്ഷപ്പെട്ട മലാല യൂസഫ്‌സായിക്കൊപ്പം, അല്ലെങ്കില്‍ അതിനേക്കാള്‍ ഒത്തിരി മുകളില്‍ ചേര്‍ത്തുവായിക്കാന്‍ പാകിസ്ഥാനില്‍ നിന്നും ഒരു ധീരരക്തസാക്ഷി- എയ്താസ് ഹസന്‍ ബാംഗാഷ് എന്ന 14കാരന്‍

താന്‍ പഠിക്കുന്ന സ്‌കൂളില്‍ സ്വന്തം ശരീരത്തില്‍ വച്ചുപിടിപ്പിച്ച ഉഗ്രശേഷിയുള്ള ബോംബുമായി ആക്രമണം നടത്താനെത്തിയ തിവ്രവാദ ചാവേറിനെ കീഴടക്കി പൊട്ടിത്തകര്‍ന്നാണ് എയ്താസ് ഹസന്‍ ലോകമനസ്സുകളില്‍ ഇടം പിടിച്ചത്. വടക്കന്‍ ഖൈബര്‍ പാക്തും ഹ്വാ പ്രവിശ്യയില്‍പ്പെട്ട ഹാംഗു ജില്ലയിലെ ഇബ്രാഹിംസായ് സ്‌കൂളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ രാവിലെ അസംബ്ലി നടക്കുന്നതിനിടെ സ്‌ഫോടനം നടത്തുകയെന്ന ലക്ഷ്യവുമായാണു സ്‌കൂള്‍ യൂണിഫോമില്‍ കുട്ടിയായ ചാവേറെത്തിയത്. ആ സ്‌കൂളില്‍ പഠിക്കുന്ന എയ്താസ് ഹസനും ബന്ധു മുസാദിഖ് അലി ബാംഗാഷുമുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെയടുക്കല്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചെത്തിയ ചാവേര്‍ സ്‌കൂള്‍ എവിടെയാണെന്നു തിരക്കിയതോടെയാണ് എയ്താസ് ഹസന്‍ അപകടം മണത്തത്.

സംശയത്തിന്റെ പുറത്ത് എയ്താസ് ഹസന്‍ ചാവേറായെത്തിയ കുട്ടിയെ ചോദ്യം ചെയ്തു. പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ചാവേര്‍ അസംബ്ലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന കുട്ടികളുടെ ഇടയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. എന്നാല്‍ സ്‌കൂള്‍ ഗേറ്റില്‍ വച്ച് പിന്നാലെ ചെന്ന എയ്താസ് ചാവേറിനെ പിടികൂടുകയായിരുന്നു.

മറ്റു വിദ്യാര്‍ത്ഥികളുടെ വിലക്കുകളൊന്നും ചെവികൊള്ളാതെ എയ്താസ് തീവ്രവാദിയെ പൂണ്ടടക്കം പിടിച്ചു. തന്റെ സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലെന്ന അറിയാവുന്ന എയ്താസ് ഹസന്‍ ചാവേറിനെ വിട്ടില്ല. സ്‌ഫോടനം നടത്തുകയെന്ന പോംവഴിയില്ലാതെ മറ്റൊന്നും മുന്നിലില്ലായിരുന്ന തീവ്രവാദി ഒടുവില്‍ അതുചെയ്തു. സ്‌കൂള്‍ ഗേറ്റില്‍ വച്ചുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ എയ്താസും ചാവേറും കൊല്ലപ്പെട്ടു. സ്‌കൂളിന്റെ പ്രധാന ഗേറ്റില്‍നിന്നു 150 മീറ്റര്‍ അകലെയാണു സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ മറ്റു രണ്ടു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റതല്ലാതെ മറ്റു ജീവാപായങ്ങളൊന്നും ഉണ്ടായില്ല.

സ്വജീവന്‍ ഹോമിച്ചു നൂറുകണക്കിനു വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിച്ച എയ്താസ് ഹസനിപ്പോള്‍ പാക്കിസ്ഥാനിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ താരമാണ്. ധീരതയ്ക്കുള്ള പാകിസ്ഥാനിലെ പരമോന്നത അവാര്‍ഡിന് ഈ ബാലന്റെ പേരു പ്രാദേശികഭരണകൂടം ശിപാര്‍ശ ചെയ്തുകഴിഞ്ഞു.

എയ്താസ് ഹസന്‍ കാട്ടിയത് മലാല യൂസഫ് സായിയേക്കാള്‍ ധീരതയാണെന്നും, രാജ്യം അവന് അര്‍ഹിക്കുന്ന മര ണാനന്തര ബഹുമതി നല്‍കണമെന്നും രാജ്യം ഒന്നാടങ്കം ആവശ്യപ്പെടുകയാണ്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുജാഹിദ് അലി ബാംഗാഷ് ആണ് എയ്താസിന്റെ പിതാവ്. ഒരു സഹോദരനും മൂന്നു സഹോദരിമാരുമുണ്ട്. മകന്റെ വേര്‍പാടു അങ്ങേയറ്റം വേദനിപ്പിക്കുന്നുണെ്ടങ്കിലും രണ്ടായിരത്തോളം വിദ്യാര്‍ഥികളെ രക്ഷിച്ച അവന്റെ മരണത്തെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നു എയ്താസ് ഹസന്റെ വേര്‍പാട് അറിഞ്ഞ് നാട്ടിലെത്തിയ മുജാഹിദ് അലി ഒരു യഥാര്‍ത്ഥ അച്ഛന്റെ ചാരിതാര്‍ത്ഥ്യത്തോടെ വിതുമ്പുന്നു.