എസ്എഫ്‌ഐ- പോലീസ് സംഘര്‍ഷം; തലസ്ഥാനം യുദ്ധക്കളം

single-img
8 January 2014

SFIഎസ്എഫ്‌ഐയുടെ നിയമസഭ മാര്‍ച്ചിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തലസ്ഥാനത്ത് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കല്ലേറും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ പോലീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജ് കവാടം കേന്ദ്രീകരിച്ച് നിലയുറപ്പിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോളജിനുള്ളില്‍ കടക്കാന്‍ ശ്രമിച്ച പോലീസിന്റെ ശ്രമവും വിഫലമായി. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ എംജി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘയര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെടാന്‍ കാരണം. നിയമസഭയ്ക്ക് മുന്നില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ തകര്‍ത്തു. തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എത്തിയതോടെയാണ് നിയമസഭയ്ക്ക് മുന്നില്‍ സംഘര്‍ഷത്തിന് അയവു വന്നത്. അദ്ദേഹവും എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരെ നിയന്ത്രിച്ചു. തുടര്‍ന്ന് സംസാരിച്ച കോടിയേരി സര്‍ക്കാരിന്റെ തലതിരിഞ്ഞ വിദ്യാഭ്യാസ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടു.