വേതനത്തിൽ കാലതാമസം: കേരളമടക്കം 7 സംസ്ഥാനത്തിന് ദേശീയ മനുഷ്യാവകാശ കമീഷന്‍ന്റെ നോട്ടീസ്

single-img
7 January 2014

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം തൊഴിലാളികള്‍ക്ക് നല്‍കുന്നതില്‍ തുടര്‍ച്ചയായി കാലതാമസം വരുത്തുന്നതിന്റെ കാരണം ആരാഞ്ഞ് കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമീഷന്‍ നോട്ടീസ് അയച്ചു. കൂലി കൃത്യസമയത്ത് കിട്ടാതെ പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ ആത്മഹത്യചെയ്യുന്നത് വാര്‍ത്തയായതോടെയാണ് കമീഷന്റെ ഇടപെടല്‍. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കമീഷന്‍ നോട്ടീസ് അയച്ചത്. കേന്ദ്ര ഗ്രാമവികസന വകുപ്പ് സെക്രട്ടറിക്കും ഏഴ് സംസ്ഥാനങ്ങളിലെ ചീഫ്സെക്രട്ടറിമാര്‍ക്കുമാണ് നോട്ടീസ്. ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ഷങ്ങളായി കിട്ടാതെ വന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ അഞ്ച് തൊഴിലാളികള്‍ ആത്മഹത്യചെയ്തത് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. മൂന്നുവര്‍ഷത്തെ കൂലിയാണ് തൊഴിലാളികള്‍ക്ക് കിട്ടാനുണ്ടായിരുന്നത്. ജാര്‍ഖണ്ഡിലും കൂലികിട്ടാതെ രണ്ട് തൊഴിലാളികള്‍ ആത്മഹത്യചെയ്തു. കേരളത്തില്‍ പതിമൂന്നരലക്ഷം തൊഴിലാളികള്‍ക്കാണ് വേതനം കിട്ടാനുള്ളത്്. ബംഗാളില്‍ 27ലക്ഷം, ബിഹാറില്‍ 18.20ലക്ഷം, രാജസ്ഥാനില്‍ 11ലക്ഷം, ആന്ധ്രയില്‍ 8.7ലക്ഷം എന്നിങ്ങനെയാണ് തൊഴിലുറപ്പ് കൂലി കിട്ടാനുള്ള തൊഴിലാളികളുടെ എണ്ണം. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ കേരളം, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിന് സഹായകമായത് തൊഴിലുറപ്പ് പദ്ധതിയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമവികസന വകുപ്പ് കൈകാര്യംചെയ്ത ആര്‍ജെഡിയുടെ രഘുവംശ് പ്രസാദ് സിങ്ങിന്റെ ഭരണപാടവവും പദ്ധതി വിജയകരമാകാന്‍ കാരണമായി. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാരിന്റെ തുടക്കം മുതല്‍ പദ്ധതിപാളി. നിരവധി സംസ്ഥാനങ്ങളില്‍ വേതനം കൃത്യസമയത്ത് തൊഴിലാളികള്‍ക്ക് ലഭിക്കാതിരിക്കുന്നതിന് കേന്ദ്രത്തിന്റെ മേല്‍നോട്ടക്കുറവും മുഖ്യകാരണമാണ്. തൊഴിലാളികള്‍ ആത്മഹത്യചെയ്തത് വാര്‍ത്തയായപ്പോള്‍ മാത്രം മന്ത്രി ജയ്റാം രമേഷ് പ്രശ്നത്തില്‍ ഇടപെട്ടു.