നാളെ ബംഗ്‌ളാദേശില്‍ വോട്ടെടുപ്പ്

single-img
4 January 2014

map_of_bangladeshപ്രതിപക്ഷം ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണെ്ടങ്കിലും ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്ന പൊതുതെരഞ്ഞെടുപ്പു റദ്ദാക്കുന്ന പ്രശ്‌നമില്ലെന്ന് ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന വ്യക്തമാക്കി. ജനങ്ങളെ ബന്ദികളാക്കാനാണു പ്രതിപക്ഷ ബിഎന്‍പി നേതാവ് ബീഗം ഖാലിദ സിയയുടെ ശ്രമമെന്ന് ഭരണകക്ഷിയായ അവാമിലീഗിനു നേതൃത്വം നല്‍കുന്ന ഹസീന ആരോപിച്ചു.

തെരഞ്ഞെടുപ്പിനു മുമ്പായി നിലവിലുള്ള സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ഇടക്കാല സര്‍ക്കാരായിരിക്കണം തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കേണ്ടതെന്നുമുള്ള കീഴ്‌വഴക്കം ഹസീന ഭരണകൂടം തെറ്റിച്ചതാണ് ബിഎന്‍പിയുടെ എതിര്‍പ്പിനു കാരണം. ഇതേത്തുടര്‍ന്നു രാജ്യവ്യാപകമായി അവര്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്തു. നൂറോളം പേര്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. ഇന്നലെയും അക്രമങ്ങള്‍ നടന്നു. ഖാലിദ സിയ വീട്ടുതടങ്കലിലാണ്. നിരവധി പ്രതിപക്ഷ നേതാക്കള്‍ ഒളിവിലും.

വോട്ടര്‍മാരില്ലാത്ത തെരഞ്ഞെടുപ്പു നടത്തി രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കു തള്ളിവിടാനാണു സര്‍ക്കാരിന്റെ ശ്രമമെന്ന് ബിഎന്‍പി പത്രസമ്മേളനത്തില്‍ ആരോപിച്ചു. എന്നാല്‍ ബിഎന്‍പിയുടെ ആവശ്യം ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഇതിനിടെ ഞായറാഴ്ചത്തെ വോട്ടെടുപ്പിനു വേണ്ട എല്ലാ സുരക്ഷാ ഏര്‍പ്പാടുകളും പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു. വോട്ടെടുപ്പില്‍ അവാമി ലീഗിനു വാക്കോവര്‍ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.