ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ശാസ്ത്ര പത്രപ്രവര്‍ത്തന ശില്‍പശാല സംഘടിപ്പിക്കുന്നു

single-img
1 January 2014

kscsteതിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും പ്രസ് അക്കാദമിയും ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട പത്രപ്രവര്‍ത്തകര്‍ക്കായി ശാസ്ത്ര – പത്രപ്രവര്‍ത്തന ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി മൂന്ന്, നാല് തിയതികളില്‍ തിരുവനന്തപുരം പട്ടത്ത് ശാസ്ത്രഭവനിലാണ് പരിപാടി. ശാസ്ത്രസംബന്ധമായ വാര്‍ത്തകളും രചനകളും തയ്യാറാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ശില്‍പശാലയുടെ ലക്ഷ്യം.
മൂന്നിനു രാവിലെ പത്തിന് ശ്രീമതി സുഗതകുമാരി ശില്‍പശാല ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ വി.എന്‍.രാജശേഖരന്‍ പിള്ള അധ്യക്ഷത വഹിക്കും. പ്രസ് അക്കാദമി ചെയര്‍മാന്‍ ശ്രീ എന്‍.പി.രാജേന്ദ്രന്‍, സെക്രട്ടറി ശ്രീ വി.ആര്‍.അജിത് കുമാര്‍, കൗണ്‍സില്‍ മീഡിയ കണ്‍സള്‍ട്ടന്റ് ശ്രീ എ.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിക്കും.
ആദ്യദിവസം നാലു സെഷനുകളാണുള്ളത്. മലയാളത്തിലെ ശാസ്ത്ര രചനയുടെ ചരിത്രത്തെപ്പറ്റി കേരള ശാസ്ത്ര സാഹിത്യ പരിഷത് മുന്‍ പ്രസിഡന്റും ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതി മുന്‍ സെക്രട്ടറിയുമായ ശ്രീ. കെ.കെ.കൃഷ്ണകുമാര്‍ സംസാരിക്കും. ശാസ്ത്ര റിപ്പോര്‍ട്ടിംഗിനെപ്പറ്റി ടൈംസ് ഓഫ് ഇന്‍ഡ്യ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ശ്രീമതി സുധാ നമ്പൂതിരിയും മാതൃഭൂമി ഓണ്‍ലൈന്‍ ന്യൂസ് എഡിറ്റര്‍ ശ്രീ ജോസഫ് ആന്റണിയും സംസാരിക്കും. തുടര്‍ന്ന്, ഇന്ത്യയിലെ ശാസ്ത്ര റിപ്പോര്‍ട്ടിംഗിനു മുന്നിലുള്ള വെല്ലുവിളികളെപ്പറ്റി നടക്കുന്ന സംവാദം ദി ഹിന്ദു സയന്‍സ് കറസ്‌പോണ്ടന്റ് ഡോ. ഗോപാല്‍ രാജ് നയിക്കും.
രണ്ടാം ദിവസമായ ജനുവരി നാലിന് കേരള ശാസ്ത്ര കോണ്‍ഗ്രസ് കണ്‍വീനര്‍ പ്രൊഫ. (ഡോ.) ജോര്‍ജ് വര്‍ഗീസ്, ധനകാര്യ മന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ഡോ. രാജു മാവുങ്കല്‍, ശാസ്ത്രലേഖകന്‍ ഡോ. ജീവന്‍ ജോബ് തോമസ് എന്നിവര്‍ സംസാരിക്കും. സമാപനചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ശ്രീ സി.പി. നായര്‍ മുഖ്യാതിഥി ആയിരിക്കും.