സോളാര്‍ സമരങ്ങള്‍ പിന്‍വലിച്ചു

single-img
30 December 2013

uparodham-2സോളാര്‍പ്രശ്‌നവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിവന്ന ക്ലിഫ്ഹൗസ് ഉപരോധം അടക്കമുള്ള പ്രത്യക്ഷ സമരങ്ങളെല്ലാം പിന്‍വലിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ക്ലിഫ് ഹൗസ് ഉപരോധത്തിനൊപ്പം മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കലും കരിങ്കൊടികാണിക്കലും ഉള്‍പ്പെടെയുള്ള സമരങ്ങളും അവസാനിപ്പിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഇടതുമുന്നണി നടത്തിവന്ന സമരങ്ങള്‍ ഒന്നൊന്നായി പൊളിയുന്നതിനു പിന്നാലെയാണു സന്ധ്യ എന്ന വീട്ടമ്മയുടെ പ്രതിഷേധത്തിനും എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലെ എതിര്‍പ്പുകള്‍ക്കും ഒടുവില്‍ പ്രത്യക്ഷസമരങ്ങളെല്ലാം പിന്‍വലിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചത്. നേരത്തെ ലക്ഷംപേരെ അണി നിരത്തി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരം അവസാനിപ്പിച്ചതു ഭരണപക്ഷവുമായി ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ജനുവരി മൂന്നിനു നിയമസഭ ചേരുന്നതിനാല്‍ നിരന്തരമായി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിയമസഭാവേദി ഉപയോഗിക്കാമെന്നതിനാലാണ് ഇപ്പോള്‍ നടത്തിവരുന്ന സമരങ്ങള്‍ ഉപേക്ഷിക്കുന്നതെന്ന് എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.

ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ നിയമസഭയില്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളിലേര്‍പ്പെടാനുമാണ് ഇപ്പോഴത്തെ സമരങ്ങള്‍ നിര്‍ത്തുന്നത്.

കഴിഞ്ഞ നിയമസഭാ സമ്മേളനം ഏകപക്ഷീയമായി അവസാനിപ്പിച്ചു മുഖ്യമന്ത്രിയും കൂട്ടരും ഓടിപ്പോകുന്ന സ്ഥിതിയാണുണ്ടായത്. പഴയതുപോലെ ഏകപക്ഷീയമായി സഭ നിര്‍ത്തിവയ്ക്കാനാണു ശ്രമമെങ്കില്‍ അതു ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടും. നിയമസഭ ചേരാന്‍ പോകുന്ന ദിവസങ്ങളില്‍ പ്രതിപക്ഷത്തിന്റെ കുഴപ്പമാണെന്നു പറഞ്ഞു പഴിചാരി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല. നയപ്രഖ്യാപനവും ബജറ്റും ബഹിഷ്‌കരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ജനവിരുദ്ധമായ നയങ്ങള്‍ അതിലുണെ്ടങ്കില്‍ ചര്‍ച്ചയില്‍ തുറന്നുകാട്ടുമെന്നായിരുന്നു മറുപടി.