മരണസമയത്തും സദാം ധീരനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

single-img
28 December 2013

Saddamമരണത്തെ സദ്ദാം സമീപിച്ചത് നിര്‍ഭയനായിട്ടാണെന്ന് അദ്ദേഹത്തിന്റെ വധശിക്ഷനടപ്പാക്കുന്നതിനു നേതൃ ത്വം വഹിച്ച ഇറാക്കിലെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൊവാഫക് അല്‍റുബായി വെളിപ്പെടുത്തി. മരണത്തോട് അടുക്കവേ സദ്ദാം ഭയചകിതനായിരുന്നുവെന്ന ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്നും അവസാന നിമിഷം വരെ അദ്ദേഹം ധീരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ സദ്ദാം കുറ്റവാളിയും കൊലപാതകിയുമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

വധശിക്ഷയ്ക്കു കൈമാറപ്പെട്ട സദ്ദാം വെളുത്ത ഷര്‍ട്ടും ജാക്കറ്റുമാണു ധരിച്ചിരുന്നത്. വിലങ്ങുവച്ച കൈകളില്‍ ഖുറാന്‍ വഹിച്ചിരുന്നു. അദ്ദേഹം തീര്‍ത്തും ശാന്തനായിരുന്നു. ഭയത്തിന്റെ കണികപോലും ഇല്ലായിരുന്നു. തന്നോടു ദയ തോന്നണമെന്നോ ക്ഷമിക്കണമെന്നോ ആരോടും യാചിച്ചില്ല. സദ്ദാമിന്റെ മൃതദേഹം അമേരിക്കന്‍ ഹെലികോപ്റ്ററില്‍ കയറ്റി പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിയുടെ വസതിയിലേക്കാണു കൊണ്ടുപോയത്. പ്രധാനമന്ത്രി മൃതദേഹം പരിശോധിച്ചുറപ്പുവരുത്തുകയായിരുന്നു.

അമേരിക്കന്‍ അധിനിവേശ സേനയോടു യുദ്ധത്തില്‍ പരാജയപ്പെട്ട് ഒളിവില്‍ കഴിഞ്ഞ സദ്ദാമിനെ 2003 ഡിസംബറിലാണ് അമേരിക്കന്‍ സേന പിടികൂടിയത്. 2006 ഡിസംബര്‍ 30നാണു അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയത്.