ബെയ്‌റൂട്ട് കാർ ബോംബ് സ്‌ഫോടനം, ലെബനന്‍ മുന്‍ മന്ത്രി മുഹമ്മദ് ഛത്തയടക്കം എട്ട് പേര്‍ മരിച്ചു

single-img
27 December 2013

ബെയ്‌റൂട്ട് : ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ കാര്‍ ബോബ് സ്‌ഫോടനത്തില്‍ മുന്‍ മന്ത്രി മുഹമ്മദ് ഛത്തയടക്കം എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ കടുത്ത വിമര്‍ശകനായിരുന്നു കൊല്ലപ്പെട്ട ഛത്ത. ഒരുയോഗത്തില്‍ പങ്കെടുക്കാനുളള യാത്രയിലായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ലെബനന്റെ മുന്‍ ധനകാര്യമന്ത്രിയായിരുന്നു സുന്നി വിഭാഗത്തിലുളള ഛത്ത. റഫീഖ് അല്‍ ഹരീരിയുടെ കാലത്ത് അമേരിക്കയില്‍ നയതന്ത്രജ്ഞനായും ഇദ്‌ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 9.40നാണ് അപകടമുണ്ടായത്. വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടതായി നഗരവാസികള്‍ പറയുന്നു.
അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റതായി ലെബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപത്തെ ഒരു ഹോട്ടലും കോഫീ ഷോപ്പും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ബെയ്‌റൂട്ടില്‍ കടകമ്പോളങ്ങള്‍ അടച്ചിട്ടു. നഗരത്തിലേക്കുളള റോഡ്ഗതാഗതവും പൊലീസ് തടഞ്ഞു.