ആറന്മുള വിമാനത്താവളം; നിയമ ലംഘനം സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെയെന്നുള്ള തെളിവുകള്‍ പുറത്ത്

single-img
27 December 2013

07TVTVMUDF_1201749f

സംസ്ഥാനത്ത് പുതുതായി ഉയര്‍ന്നുവരുന്ന ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. കെജിഎസ് ഗ്രൂപ്പ് വിമാനത്താവള പദ്ധതിക്കായി അനധികൃതമായി വയലും തണ്ണീര്‍തടങ്ങളും നികത്തിയ കാര്യം സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് മറച്ചുവെച്ചുെവന്നതാണ് പുറത്തുവന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാന പരിസ്ഥിതി വകുപ്പ് തെറ്റിധരിപ്പിച്ചുകൊണ്ട് നല്‍കിയ കുറിപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടേയും അറിവോടെയാണെന്നും വ്യക്തമായിട്ടുണ്ട്. കെജിഎസ് ഗ്രൂപ്പിന്റെ നിയമലംഘനങ്ങള്‍ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആദ്യം ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും വ്യവസായവകുപ്പ് മന്ത്രിയും ഫയല്‍ കണ്ടതോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പ് അപ്രത്യക്ഷമാകുകയും ചെയ്തു. ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതില്‍ വ്യാപക അഴിമതി നടന്നിട്ടുണ്‌ടെന്നാണ് സംഭവം വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്ന സ്ഥിതിക്ക് ആറന്മുളയില്‍ വിമാനം ഇറക്കാന്‍ അനുവദിക്കില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തക സുഗതകുമാരി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് തെറ്റു പറ്റിയിട്ടുണ്‌ടെങ്കില്‍ തിരുത്തണമെന്ന് ടി.എന്‍.പ്രതാപന്‍ എംഎല്‍എയും ശക്തമായി ആവശ്യപ്പെട്ടു.