യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ മോഡിക്കെതിരേ അന്വേഷണം

single-img
26 December 2013

narender_modi_awardവിവാദമായ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ ഗുജറാത്ത മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ അന്വേഷണം. ഗുജറാത്ത് പോലീസ് യുവതിയെ നിരീക്ഷിച്ച സംഭവത്തിലാണ് നരേന്ദ്ര മോഡി, മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ പങ്ക് അന്വേഷിക്കാന്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

വനിതയെ രഹസ്യ നിരീക്ഷണത്തിനു വിധേയയാക്കിയ നരേന്ദ്ര മോഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു വനിതാ സംഘടനകള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സമീപിച്ചിരുന്നു. 2008 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷമാണ് ഗുജറാത്ത് പോലീസ് ബാംഗളൂര്‍ സ്വദേശിനിയായ യുവതിയെ നിരീക്ഷിച്ചത്. സംഭവത്തില്‍ മോഡിക്കും അമിത് ഷായ്ക്കുമെതിരേ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം ഒരു വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. മോഡിക്ക് യുവതിയുമായി ഉറ്റബന്ധമുണ്‌ടെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചതോടെയാണ് സംഭവം വിവാദമായത്.

സംഭവം വിവാദമായതോടെ രഹസ്യനിരീക്ഷണ സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതിയിലെ മുന്‍ വനിതാ ജഡ്ജിയുടെ നേതൃത്വത്തില്‍ രണ്ടംഗ കമ്മീഷനെ ഗുജറാത്ത് സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ വിഷയം സുപ്രീം കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.